പാര്‍പ്പിടത്തിനായുള്ള അവകാശം മൗലികാവകാശമായി നിയമങ്ങള്‍ രൂപപ്പെടുത്തണം – ബിഷപ് തിയോഡര്‍ മസ്ക്രിനാസ്

പാര്‍പ്പിടത്തിനായുള്ള അവകാശം മൗലികാവകാശമായി നിയമങ്ങള്‍ രൂപപ്പെടുത്തണം – ബിഷപ് തിയോഡര്‍ മസ്ക്രിനാസ്

എല്ലാവര്‍ക്കും പാര്‍പ്പിടത്തിനായുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കപ്പെടണമെന്നും അതിനുപയുക്തമായ നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നും ഭാരത കത്തോലിക്കാ മെത്രാന്‍സമിതി സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്ക്രിനാസ് ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്കാ സഭ മുന്‍കയ്യെടുക്കണം. കേരളം അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ഉപജീവന, പാര്‍പ്പിടപ്രശ്നങ്ങള്‍ പഠനവിഷയമാക്കി സിബിസിഐ ലേബര്‍ കമ്മീഷനും വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഹാരം കഴിക്കാനില്ലാത്തവരും വീടില്ലാത്തവരും റോഡരികില്‍ കഴിയുന്നവരും പ്ലാസ്റ്റിക്ക് ഷീറ്റിനടിയില്‍ കഴിയുന്നവരും വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇവരുടെ പാര്‍പ്പിടപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാതെ ഓണ്‍ലൈന്‍ പേയ്മെന്‍റിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ആശാസ്യമല്ല. ആഫ്രിക്കയില്‍ ഉള്ളതിനേക്കാള്‍ ദരിദ്രര്‍ ഇന്ത്യയിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്. റോഡ്, വൈദ്യുതി, ഐ.ടി. വികസനം എന്ന മുന്‍ഗണനയില്‍ നിന്നും മാറി ഗരീബി ഹഠാവോ എന്ന പഴയ മുന്‍ഗണനയിലേക്ക് രാഷ്ട്രം തിരിച്ചുവരണമെന്നും ബിഷപ് പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ പ്രസിഡന്‍റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്സണ്‍ വടശ്ശേരി വിഷയാവതരണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, കേരള ലേബര്‍ മൂവ്മെന്‍റ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പാലമ്പറമ്പില്‍, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആല്‍വിന്‍ ദേവദാസ്, ട്രഷറര്‍ യേശുരാജ, കെഎല്‍എം ജനറല്‍ സെക്രട്ടറി തോമസ് കെ.ജെ എന്നിവര്‍ പ്രസംഗിച്ചു. നഗരങ്ങളും നഗരവത്ക്കരണവും പാവപ്പെട്ടവരുടെ പാര്‍പ്പിടപ്രശ്നങ്ങളും എന്ന വിഷയത്തില്‍ പബ്ലിക് പോളിസി റിസര്‍ച്ച് സെന്‍റര്‍ ചെയര്‍മാന്‍ ഡോ. ഡി. ധനുരാജ്ڔപ്രഭാഷണം നടത്തി. അസംഘടിത തൊഴിലാളികളും ഉപജീവന പ്രശ്നങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സാമ്പത്തിക വിദഗ്ദന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്ക്, സിഎംഐഡി ഡയറക്ടര്‍ ഡോ. ബിനോയ് പീറ്റര്‍, ജോയ് ഗോതുരുത്ത് എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org