ഗര്‍ഭഛിദ്ര നിയമഭേദഗതിക്കെതിരെ മെത്രാന്മാര്‍

ഗര്‍ഭഛിദ്ര നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പാലായില്‍ ചേര്‍ന്ന ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രന്മാരുടെ യോഗം ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്ര നിയമഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിച്ച മെത്രാന്മാര്‍ ബില്‍ പിന്‍വലിക്കണെന്ന് ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രനിയമ ഭേദഗതി ബില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗവും കുടുംബജീവിത ഭദ്രതയെ തകര്‍ക്കുന്നതുമാണ്. ഗര്‍ഭഛിദ്രം നടത്താനും അതിനു അനുവദനീയമായ കാലയളവ് 24 ആഴ്ചയായി നിജപ്പെടുത്താനുമുള്ള ശ്രമം അപലപനീയമാണ്. മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്‍റെ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. ഗര്‍ഭസ്ഥ ശിശുവിന്‍റെ ജനിക്കുവാനുള്ള സ്വാഭാവിക അവകാശത്തെ തടയാന്‍ അമ്മയ്ക്കോ രാഷ്ട്രത്തിനോ പൊതു അധികാരികള്‍ക്കോ സാധ്യമല്ല. ഗര്‍ഭഛിഗ്രം കൊലപാതകത്തേക്കാള്‍ ക്രൂരവും അധാര്‍മ്മികവുമാണെന്നു യോഗം അഭിപ്രായപ്പെട്ടു. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഗര്‍ഭഛിദ്ര നിയമം ദേഗതി ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണ നീക്കം നടക്കുമ്പോള്‍ ജീവന്‍റെ മഹത്ത്വം മനസ്സിലാക്കുന്ന ജനപ്രതിനിധികള്‍ അവരുടെ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു. ധാര്‍മ്മിക വിഷയങ്ങള്‍ പഠിക്കുവാനും സമൂഹത്തിന്‍റെ നന്മകളും ഭാവിയും മുന്നില്‍ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുവാനും സാധിക്കണം. നിസ്സാര കാരണങ്ങള്‍ കണ്ടെത്തി അമ്മയുടെ ഉദരത്തില്‍ വളര്‍ച്ചയെത്തിയ ശിശുവിന്‍റെ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കുവാന്‍ പാടില്ല. വരും തലമുറയെ വേണ്ടെന്നു വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ ഏതു ഭാഗത്തുനിന്നാണെങ്കിലും ഉപേക്ഷിക്കണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്തത്തില്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി, ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്‍റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ എന്നിവര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org