മെത്രാന്മാരുടെ പ്രാഥമികദൗത്യം പ്രാര്‍ത്ഥനയാണെന്നു മാര്‍പാപ്പ

മെത്രാന്മാരുടെ പ്രാഥമികദൗത്യം പ്രാര്‍ത്ഥനയാണെന്നു മാര്‍പാപ്പ

പ്രാര്‍ത്ഥനയാണു മെത്രാന്മാരുടെ പ്രാഥമികമായ ദൗത്യമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ശക്തമായ ഒരു ആത്മീയജീവിതം മെത്രാന്മാര്‍ നയിക്കുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ വിളി നിറവേറ്റുന്നില്ലെന്നതാണ് അതിനര്‍ത്ഥം – മാര്‍പാപ്പ പറഞ്ഞു. വി. യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനത്തില്‍ മൂന്നു മെത്രാന്മാര്‍ക്ക് മെത്രാഭിഷേകം നല്‍കിക്കൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ലഭ്യമായ അവസരങ്ങളിലെല്ലാം ദൈവവചനം പ്രഘോഷിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

മാര്‍ച്ച് 19 ഫ്രാന്‍സിസ് മാര്‍പാപ്പ, പാപ്പാസ്ഥാനമേറ്റെടുത്തതിന്‍റെ വാര്‍ഷികദിനം കൂടിയായിരുന്നു. കഴിഞ്ഞ നാളുകളില്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിമാരായി നിയമിക്കപ്പെട്ടവരാണ് മെത്രാഭിഷേകം സ്വീകരിച്ചവര്‍.

മെത്രാന്മാരുടെ സേവനത്തിലൂടെ ക്രിസ്തു തന്നെയാണ് രക്ഷയുടെ സുവിശേഷം പ്രഘോഷിക്കുകയും കുദാശകള്‍ നല്‍കിക്കൊണ്ട് വിശ്വാസികളെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. മനുഷ്യരില്‍ നിന്നു മനുഷ്യര്‍ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണ് മെത്രാന്മാര്‍. വാണിജ്യപ്രവര്‍ത്തനങ്ങളോ ലൗകികതയോ രാഷ്ട്രീയമോ അല്ല അവരുടെ ദൗത്യം. മെത്രാന്‍സ്ഥാനം ഒരു സേവനത്തിന്‍റെ പേരാണ്. അതൊരു ബഹുമതിയല്ല. സേവിക്കുന്നതിലാകണം, ആധിപത്യം ചെലുത്തുന്നതിലല്ല മെത്രാന്മാര്‍ പ്രാഗത്ഭ്യം തെളിയിക്കേണ്ടത്. പുരോഹിതരോടും പാവങ്ങളോടും നിരാലംബരോടും പരമാവധി അടുപ്പം പുലര്‍ത്തുക. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org