വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി വത്തിക്കാന്‍ സ്ഥിരീകരിച്ചു

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി വത്തിക്കാന്‍ സ്ഥിരീകരിച്ചു

ഹോളി ഫാമിലി സന്യാസ സമൂഹത്തിന്‍റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അത്ഭുത രോഗശാന്തി നേടിയതു വത്തിക്കാനിലെ വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ സുപ്രധാനമായ ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്.

വത്തിക്കാനില്‍ ഏഴു ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ കോണ്‍ഫെറന്‍സാണ് അത്ഭുത രോഗശാന്തി സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധി ച്ച് ഐകകണ്ഠ്യേന സ്ഥിരീകരിച്ചത്. തൃശൂര്‍ അതിരൂപതയിലെ പെരിഞ്ചേരി ഇടവകയിലുള്ള ചൂണ്ടല്‍ വീട്ടില്‍ ജോഷിയുടേയും ഷിബിയുടേയും മകനായ ക്രിസ്റ്റഫറിനാണ് അത്ഭുത രോഗശാന്തി ലഭിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തുന്നതിനു മുമ്പേ പ്രസവിച്ച കുഞ്ഞിന്‍റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. ജീവന്‍ അപകടത്തിലാണെന്ന് അമല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു. കുടുംബാംഗങ്ങള്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയോടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് മൂന്നാം ദിവസം 2009 ഏപ്രില്‍ ഒമ്പതിനാണ് അത്ഭുത രോഗശാന്തിയുണ്ടായത്.

ക്രിസ്റ്റഫറിന്‍റെ ജനനസമയത്തെ ആരോഗ്യ പ്രശ്നങ്ങള്‍ രേഖപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും രോഗശാന്തി നേടിയശേഷമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് വത്തിക്കാനിലെ മെഡിക്കല്‍ സംഘം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയത്. അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വത്തിക്കാന് വൈകാതെ കൈമാറും.

അത്ഭുത രോഗശാന്തി സംബന്ധിച്ച റിപ്പോര്‍ട്ട് വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതിയും കര്‍ദിനാള്‍മാരുടെ സമിതിയും പരിശോധിക്കും. ഇതിനുശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുകയെന്ന് നാമകരണ നടപടികള്‍ക്കു നേതൃത്വം നല്കുന്ന പോസ്റ്റുലേറ്റര്‍ ഫാ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു, ഹോളി ഫാമിലി സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ സിഎച്ച്എഫ് എന്നിവര്‍ അറിയിച്ചു. രണ്ടായിരാമാണ്ട് ഏപ്രില്‍ ഒമ്പതിനാണ് മറിയം ത്രേസ്യയെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്‍റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് അത്ഭുത രോഗശാന്തിയുണ്ടായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org