വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാളില്‍ ഭവനരഹിതര്‍ക്ക് കിടപ്പാടം

വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാളില്‍ ഭവനരഹിതര്‍ക്ക് കിടപ്പാടം

വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്കുയര്‍ത്തപ്പെട്ട ആദ്യ ഭാരതീയ വനിത, സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച്, റാണി മരിയയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ സ്മാരകമായി നിര്‍ധന കുടുംബങ്ങള്‍ക്കായി ഇന്‍ഡോര്‍ രൂപത നിര്‍മിക്കുന്ന അഞ്ചു വീടുകളില്‍ രണ്ടു വീടുകളുടെ താക്കോല്‍ദാനം നടത്തി. റാണി മരിയയുടെ കബറിടം സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് ഉദയ്നഗര്‍ റാണി മരിയ പള്ളിയിലും, ജന്മനാടായ പുല്ലുവഴി സെന്‍റ് തോമസ് പള്ളിയിലും തിരുനാള്‍ ആഘോഷം ഉണ്ടായിരുന്നു. ഉദയ് നഗര്‍ റാണി മരിയ പള്ളിയില്‍ നടന്ന തിരുനാള്‍ ദിവ്യബലിയില്‍ ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ജാബുവ ബിഷപ് ഡോ. ബേസില്‍ ബൂരിയ എന്നിവര്‍ സഹകാര്‍മികരായി. റാണി മരിയ അവസാനം താമസിച്ച സ്നേഹസദനില്‍നിന്ന് തിരുശേഷിപ്പും തിരുസ്വരൂപവുമായി നടത്തിയ പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്‍ററി (പ്രണാം) എഫ്സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലിക്കു നല്‍കി ബിഷപ് തോട്ടുമാരിക്കല്‍ പ്രകാശനം ചെയ്തു.

പുല്ലുവഴി സെന്‍റ് തോമസ് പള്ളിയില്‍ വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ ദിവ്യബലിയില്‍ കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. തോമസ് നങ്ങേലിമാലില്‍, ഫാ. അലക്സ് മേയ്ക്കാംതുരുത്തില്‍, ഫാ. ജോര്‍ജ് മാടപ്പിള്ളിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. റാണി മരിയയെക്കുറിച്ചു മാര്‍ ളൂയിസ് ബുക്സ് പ്രസിദ്ധീകരിച്ച ചിത്രകഥ എഫ്സിസി മഠം സുപ്പീരിയര്‍ സിസ്റ്റര്‍ റോസ്മിന്‍ ജോസിനു നല്‍കി ബിഷപ് മാര്‍ പുളിക്കല്‍ പ്രകാശനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org