വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ 25-ാം രക്തസാക്ഷിത്വ വാര്‍ഷികം

വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ  25-ാം രക്തസാക്ഷിത്വ വാര്‍ഷികം

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികം മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉദയനഗറിലും സി. റാണി മരിയയുടെ ജന്മദേശമായ പുല്ലുവഴിയിലും ആചരിച്ചു. ഉദയനഗറില്‍ വാഴ്ത്തപ്പെട്ട റാണി മരിയയുടെ ദേവാലയത്തില്‍ ശുശ്രൂഷകളില്‍ ഭോപ്പാല്‍ ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ മുഖ്യകാര്‍മ്മികനായിരുന്നു. എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്‍റണി കരിയില്‍ വചനസന്ദേശം നല്‍കി. വടക്കേ ഇന്ത്യയില്‍ സഭയുടെ പ്രേഷിതസഭയുടെ ശുശ്രൂഷകള്‍ക്കു സാമൂഹിക മാനം നല്‍കാന്‍ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചുവെന്ന് മാര്‍ കരിയില്‍ അനുസ്മരിച്ചു.

ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഉജ്ജൈയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ജാബുവ ബിഷപ് ഡോ. ബേസില്‍ ഭൂരിയ, കാണ്ടുവ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ദുരൈരാജ്, സത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, അജ്മീര്‍ ബിഷപ് ഡോ. പയസ് ഡിസൂസ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നിരവധി വൈദികരും സമര്‍പ്പിതരും കേരളത്തില്‍നിന്നുള്‍പ്പെടെ അനേകം വിശ്വാസികളും കര്‍മ്മങ്ങളില്‍ പങ്കെടുത്തു. സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു സിസ്റ്റര്‍ എലൈസ് മേരി തയ്യാറാക്കിയ പുസ്തകം സിസ്റ്റര്‍ റാണി മരിയയുടെ സഹോദരന്‍ സ്റ്റീഫന്‍ വട്ടാലിലിനു നല്‍കി എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് പ്രകാശനം ചെയ്തു. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാടായ പെരുമ്പാവൂര്‍ പുല്ലുവഴി സെന്‍റ് തോമസ് പള്ളിയില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org