പൊലീസ് നടപടിയില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍റെ പ്രതിഷേധം

പൊലീസ് നടപടിയില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍റെ പ്രതിഷേധം

ബോണക്കാട്ട് തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിന്‍ വിമെന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വസതയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെതിരെ വന്‍ പ്രതിഷേധം. അതിക്രമത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ അടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. ബോണക്കാട്ട് കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുകയും തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വീണ്ടും മരക്കുരിശ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ മരക്കുരിശും തകര്‍ക്കപ്പെട്ടു. ഈ സംഭവത്തില്‍ വനംമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ലാറ്റിന്‍ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ ജെ. ക്രിസ്തുദാസാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

ബോണക്കാട് കുരിശുമല സംരക്ഷിക്കുന്നതിനു വേണ്ടി മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കേരള ലാറ്റിന്‍ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമരം ചെയ്ത സ്ത്രീകളെ പുരുഷ പോലീസുകാരെ ഉപയോഗിച്ച് നീക്കം ചെയ്ത നടപടിയെ സംഘടന അപലപിച്ചു. കുരിശുമല സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇനിയും നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നു സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി

ബോണക്കാട്ട് തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് നടത്തിയ ലാറ്റിന്‍ വിമെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സീറോ മലബാര്‍ സഭ മാതൃവേദി ദേശീയസമിതിയും ഉത്കണ്ഠയും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി. നിരായുധരായ സ്ത്രീകളെയും കുട്ടികളെയും കന്യാസ്ത്രീകളെയും മര്‍ദ്ദിച്ചത് ന്യായീകരിക്കാനാവില്ല. പൊലീസിന്‍റെ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നും പൊലീസിനെ കയറൂരി വിടുന്ന നടപടി തിരുത്തണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മാതൃവേദി ദേശീയസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org