യുവജനങ്ങളെ സ്വാധീനിക്കാന്‍ കാഴ്ചയുടെ ലോകത്തിലേക്കിറങ്ങണം: ബിഷപ് എബ്രഹാം മാര്‍ യൂലിയോസ്

യുവജനങ്ങളെ സ്വാധീനിക്കാന്‍ കാഴ്ചയുടെ ലോകത്തിലേക്കിറങ്ങണം: ബിഷപ് എബ്രഹാം മാര്‍ യൂലിയോസ്

കൊച്ചി: ദൃശ്യമീഡിയയ്ക്ക് വലിയ സ്വാധീനമുള്ള ഇക്കാലത്ത് മനുഷ്യജീവിതത്തിലെ ഭാവാത്മകമൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന സൃഷ്ടികള്‍ക്കു രൂപം കൊടുക്കാന്‍ തയ്യാറാകണമെന്ന് ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് എബ്രാഹം മാര്‍ യൂലിയോസ് യുവജനങ്ങളെ ആഹ്വാനംചെയ്തു. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിച്ച ലൂമെന്‍ ഹ്രസ്വചിത്രമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പിതാവ്. ചടങ്ങില്‍ സിനിമാ നടനും ഫിലിം ഡയറക്ടറുമായ സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു.

കെസിബിസി ബൈബിള്‍ കമ്മീഷന്‍ ആദ്യമായി സംഘടിപ്പിച്ച ഹ്രസ്വചിത്രമത്സരത്തില്‍ പാരിഷ് കാറ്റഗറിയില്‍ നൂറനാടിലെ ബിനു ഫ്രാന്‍സീസ് സംവിധാനം ചെയ്ത 'ഒന്നാം പാഠം' ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ഷീല്‍ഡും 25,000 രൂപയുമാണ് സമ്മാനം. ഇന്‍സ്റ്റിറ്റ്യൂഷന്‍ കാറ്റഗറിയില്‍ ചാലക്കുടിയിലെ സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡോ. റോസി തമ്പി സംവിധാനം ചെയ്ത 'സാക്ഷ' ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ലൂര്‍ദ് ഫൊറോനയും തൃശൂര്‍ മേരീ മാതാ സെമിനാരിയും രണ്ടാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല ഡയറക്ടര്‍ക്കുള്ള സമ്മാനം ബിനു ഫ്രാന്‍സീസിനും മികച്ച നടനുള്ള സമ്മാനം ആല്‍ബിന്‍ ബൈജു, അഖില്‍ എന്നിവര്‍ക്കും സമ്മാനിച്ചു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി, പി.ഒ.സി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോഷി മയ്യാറ്റില്‍, ഫാ. ഡായ് കുന്നത്ത്, തോമസ് എണ്‍പതില്‍ എന്നിവര്‍ പ്രസംഗിച്ചു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org