ബിഷപ് ആഞ്ചലോ ഗ്രേഷ്യസ് ജലന്തര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍

ബിഷപ് ആഞ്ചലോ ഗ്രേഷ്യസ് ജലന്തര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍

ജലന്തര്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മുംബൈ അതിരൂപതയുടെ മുന്‍ സഹായ മെത്രാന്‍ ബിഷപ് ആഞ്ചലോ ഗ്രേഷ്യസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് നിയമനം. പുതിയ ഉത്തരവാദിത്വമേല്‍ക്കുന്ന ബിഷപ് ഗ്രേഷ്യസിന് സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

79 കാരനായ ബിഷപ് ഗ്രേഷ്യസ് 1962-ലാണ് വൈദികപട്ടമേറ്റത്. റോമില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. മുംബൈ കത്തീദ്രല്‍ അസി. വികാരി, സെന്‍റ്പയസ് കോളജ് അധ്യാപകന്‍, ആത്മീയ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001 ല്‍ മുംബൈ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. നാലുവര്‍ഷം മുമ്പാണ് വിരമിച്ചത്.

അതേസമയം, ജലന്തര്‍ രൂപതയ്ക്ക് തദ്ദേശീയനായ ഒരു ദളിത് മെത്രാനെ വേണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്. ആത്മീയനും വിദ്യാസമ്പന്നനും ഊര്‍ജ്ജസ്വലനും സഹകരണ മനോഭാവവുമുള്ള ഒരു ദളിത് ബിഷപ് ജലന്തര്‍ രൂപതയ്ക്കുണ്ടാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് തദ്ദേശീയ കത്തോലിക്കാ കൂട്ടായ്മയുടെ വക്താവ് റോഷന്‍ ജോസഫ് പറഞ്ഞു. ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിനെ തുടര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കാന്‍ തദ്ദേശീയരായ വൈദികരും നിരവധി അല്മായ നേതാക്കളും ജലന്തറിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെന്‍ററില്‍ സമ്മേളിക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org