സഭയിലെ അപവാദങ്ങള്‍ക്കു മാപ്പു പറഞ്ഞ് ആര്‍ച്ചുബിഷപ് മാര്‍ ഭരണികുളങ്ങര

സഭയിലെ അപവാദങ്ങള്‍ക്കു മാപ്പു പറഞ്ഞ് ആര്‍ച്ചുബിഷപ് മാര്‍ ഭരണികുളങ്ങര

സമീപകാലത്ത് ദേശീയ – അന്തര്‍ദേശീയ തലത്തില്‍ കത്തോലിക്കാസഭയില്‍ ഉണ്ടായ അപവാദങ്ങളില്‍ ഫരീദാബാദ് സീറോ മലബാര്‍ രൂപത ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പൊതുസമൂഹത്തോട് ക്ഷമായാചനം നടത്തി. നീതിക്കു വേണ്ടി തെരുവില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ അദ്ദേഹം ന്യായീകരിച്ചു. ന്യൂ ഡല്‍ഹിയില്‍ ത്യാഗരാജ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പതിനായിരത്തോളം വരുന്ന ജനങ്ങള്‍ക്കു മുന്നിലാണ് സഭയിലെ അപവാദങ്ങളുടെ പേരില്‍ മാര്‍ ഭരണികുളങ്ങര ക്ഷമ ചോദിച്ചത്.

ബിഷപ്പിന്‍റെ അറസ്റ്റും കന്യാസ്ത്രീകളുടെ സമരവും സാധാരണ കത്തോലിക്കരുടെ വിശ്വാസത്തെ ഉലച്ചിട്ടുണ്ടെന്നും സഭാ സംവിധാനങ്ങളുടെയും പുരോഹിതരുടെയും വിശ്വാസ്യതയെ അതു ബാധിച്ചിട്ടുണ്ടെന്നും മാര്‍ ഭരണികുളങ്ങര പറഞ്ഞു. എന്നാല്‍ സമരങ്ങളുമായി സഭ തെരുവിലിറങ്ങുന്നത് ഇത് ആദ്യമല്ല. ക്രിസ്തുവിനെ അവഹേളിക്കുന്ന നാടകത്തിനെതിരെ ദിവംഗതനായ ബിഷപ് കുണ്ടുകുളത്തിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ട് സഭ പ്രക്ഷോഭങ്ങള്‍ നടത്തുകയുണ്ടായി. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം ആവശ്യപ്പെട്ട് മെത്രാന്മാര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ടുണ്ട്. "സത്യഗ്രഹത്തിന്‍റെ പ്രചാരകനായ മഹാത്മാഗാന്ധിയുടെ നാട്ടിലാണു നാം. നമ്മുടെ സമരങ്ങള്‍ അഹിംസയുടേതാകണം, അക്രമങ്ങളുടേതാകരുത്" – ആര്‍ച്ചുബിഷപ് അനുസ്മരിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സഭയെ പിടിച്ചുലച്ച അപവാദങ്ങള്‍ ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. ഭൂമിവിവാദം, ഓര്‍ത്തഡോക്സ് വൈദികരുടെ പേരിലുള്ള പീഡനാരോപണം, അമേരിക്കന്‍ കര്‍ദിനാളിന്‍റെ ശിക്ഷ, ചിലിയിലെ മെത്രാന്മാരുടെ രാജി തുടങ്ങിയ കാര്യങ്ങള്‍ സഭയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. "ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. സഭാ നേതാക്കള്‍ മൂലം സഭയ്ക്കു നേരിടേണ്ടി വന്ന ഈ അപവാദങ്ങളുടെ പേരില്‍ വിശ്വാസികളോട് പൊതുവായി ഞാന്‍ ക്ഷമ ചോദിക്കുകയാണ്" – ബൈബിള്‍ കണ്‍വെന്‍ഷന്‍ വേദിയിലെ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org