ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന് അന്ത്യാഞ്ജലി

ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന് അന്ത്യാഞ്ജലി

കാലം ചെയ്ത മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജനുവരി 16-ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 18-ന് തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീദ്രലിനോടു ചേര്‍ന്നുള്ള കബറില്‍ കബറടക്കി. മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാധ്യക്ഷസ്ഥാനം ഒരു വര്‍ഷം മുമ്പ് ഒഴിഞ്ഞ മാര്‍ ദിവന്നാസിയോസ് തിരുവല്ല കുറ്റൂരിലുള്ള സ്നേഹഭവനില്‍ കഴിയുകയായിരുന്നു. ബത്തേരി രൂപതയുടെ ദ്വിതീയബിഷപ്പും പുത്തൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പുമായിരുന്ന മാര്‍ ദിവന്നാസിയോസ് എളിമയുടെയും ലാളിത്യത്തിന്‍റെയും പ്രതീകമായിരുന്നു.

1950 നവംബര്‍ ഒന്നിന് തിരുവല്ലയ്ക്കടുത്ത് തലവടിയിലാണ് ജനനം. ഒറ്റത്തെങ്ങില്‍ പരേതരായ വര്‍ഗീസ്-മറിയാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമത്തെ മകനാണ്. 1996 ഡിസംബര്‍ 18-നാണ് ബത്തേരി രൂപതയുടെ ബിഷപ്പായി ഇദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ചത്. 1997 ഫെബ്രുവരി 5-ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ് സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവ കാലം ചെയ്തപ്പോള്‍ സഭയുടെ അഡ്മിനിസ്ട്രേറ്ററായും മാര്‍ ദിവന്നാസിയോസ് നിയോഗിക്കപ്പെട്ടു. മലങ്കര സഭയുടെ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭാധ്യക്ഷ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുത്ത സൂനഹദോസിന്‍റെ അധ്യക്ഷനുമായിരുന്നു ഇദ്ദേഹം. 2010 ജനുവരി 25-ന് പുത്തൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി. 2017 ജനുവരി 24-ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു വിശ്രമജീവിതം നയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org