പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നതി സഭയുടെ ലക്ഷ്യം: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നതി സഭയുടെ ലക്ഷ്യം: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്ന് സിബിസിഐ വൈസ് പ്രസിഡന്‍റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. കേരള കാത്തലിക് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ "കേരള വികസനവും, ആദിവാസി ക്ഷേമവും" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി, ദളിതര്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കേരളത്തിന്‍റെ വികസന ഭൂപടത്തില്‍ ഈ അടിസ്ഥാന ജനവിഭാഗങ്ങള്‍ എവിടെ നില്ക്കുന്നു എന്നു പരിശോധിക്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും കടമയുണ്ട്. പട്ടിണിമരണം ഇന്നും ഒരു യാഥാര്‍ഥ്യമാണെന്ന് സമീപകാല സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിവാസി ഗോത്രസഭാ പ്രസിഡന്‍റ് എം. ഗീതാനന്ദന്‍, കേരള ദളിത് മഹാജന സഭാ പ്രസിഡന്‍റ് സി.എസ്. മുരളി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആദിവാസി ദളിത് സമൂഹങ്ങള്‍ക്കു നേരെയുള്ള സാമുദായിക രാഷ്ട്രീയ അതിക്രമങ്ങള്‍ കേരള വികസനത്തിന്‍റെയും വിമോചന പോരാട്ടങ്ങളുടെയും ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളാണെന്നു ഗീതാനന്ദന്‍ പറഞ്ഞു. ദളിത് ആദിവാസി സമൂഹങ്ങളെ കൂടാതെയുള്ള കേരള വികസനം അപ്രായോഗികവും അംഗീകരിക്കാന്‍ കഴിയാത്തതും ആണ.് ജാതിബോധമാണ് കേരള രാഷ്ട്രീയത്തെ നയിക്കുന്നത്. ആദിവാസിക്ക് മൂന്നു സെന്‍റില്‍ കൂടുതല്‍ ഭൂമി പാടില്ലെന്നുള്ളത് ജാതീയതയുടെ വീക്ഷണമാണെന്നും ആദിവാസികള്‍ക്ക് സ്വയംഭരണ അവകാശം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ പട്ടിണിക്കും ജനക്കൂട്ട അക്രമത്തിനും ജാതിയുണ്ടെന്നും ക്രൈസ്തവ സഭകള്‍പോലും ഇത്തരം മനോഭാവങ്ങളില്‍നിന്നു സ്വതന്ത്രമല്ലെന്നും, ആസൂത്രണത്തിലെ ജാതിയമായ കാഴ്ചപ്പാടുകള്‍ക്കു മാറ്റമുണ്ടാകണമെന്നും സി.എസ്. മുരളി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പിഒ സി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡോ. മേരി റെജീന, ജോസ് തോമസ്, അഡ്വ. വര്‍ഗീസ് കോയിക്കര, തോമസ് കുണിഞ്ഞി, അഡ്വ. ബിജു പറയന്നിലം, മോന്‍സണ്‍ കെ. മാത്യു, അഡ്വ. ഷെറി ജെ. തോമസ്, ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org