കുട്ടികളുടെ തുടര്‍വിദ്യാഭ്യാസ സഹായത്തിനു സഭാസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം — ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്

ആരംഭിക്കുവാന്‍ പോകുന്ന അദ്ധ്യയന വര്‍ഷത്തില്‍ പ്രവാസി കുട്ടികളുടെ തുടര്‍പഠനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സഭാസ്ഥാപനങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. കെസിബിസി പ്രസിഡന്‍റ് വിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് ഈ നിര്‍ദ്ദേശം സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ക്കു നല്‍കിയിരിക്കുന്നത്.

കോവിഡ് – 19 അനുബന്ധ പ്രതിസന്ധികളില്‍ വളരെ പ്രധാനപ്പെട്ടതാണ് കേരളത്തിലേക്ക് മടങ്ങി വരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പുനര്‍വിദ്യാഭ്യാസം. വിദേശങ്ങളില്‍ നിന്നും നാലു ലക്ഷത്തോളം പ്രവാസികളും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു ലക്ഷത്തിലേറെപ്പേരും ഈ കാലഘട്ടങ്ങളില്‍ കേരളത്തിലേക്കു മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ജോലി നഷ്ടപ്പെട്ടു തിരിച്ചുപോകാനാവാത്ത സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാകാനാണ് സാദ്ധ്യത. അങ്ങനെയുള്ള സാഹചര്യത്തില്‍ അവരുടെ മറ്റു പ്രശ്നങ്ങളോടൊപ്പം കുട്ടികളുടെ തുടര്‍വിദ്യാഭ്യാസവും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

വിദ്യാഭ്യാസമേഖലയില്‍ എക്കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സഭയുടെ സ്ഥാപനങ്ങള്‍ ഈ അവസരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്ന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കു സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭ്യമാക്കാനുള്ള നടപടികള്‍ എല്ലാ മാനേജര്‍മാരും ഉറപ്പു വരുത്താനും പ്രവേശനത്തിനും ഫീസ് കാര്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാനും ശ്രദ്ധിക്കണം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഫീസ് വര്‍ദ്ധനവുണ്ടാകാതിരിക്കുവാനും അര്‍ഹരായ കുട്ടികള്‍ക്ക് ആവശ്യമായ ഫീസ് സൗജന്യവും ആനുകൂല്യങ്ങളും നല്‍കുവാനും സഭാസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org