
രാഷ്ട്രീയമായി പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തില്‍ പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ രാജ്യത്തിനുവേണ്ടിയും രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോയ്ക്ക് പിന്തുണയുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍. രാജ്യത്തു സമാധാനം പുലരാനായി എല്ലാ വെള്ളിയാഴ്ചകളിലും ഉപവാസം നടത്തണമെന്നും ഇടയലേഖനത്തില്‍ ആര്‍ച്ചുബിഷപ് വിശ്വാസികളെ ഉത്ബോധിപ്പിച്ചിരുന്നു. ആര്‍ച്ചുബിഷപ്പിന്‍റെ ഇടയലേഖനം രാഷ്ട്രീയ – മത കേന്ദ്രങ്ങളില്‍ ചര്‍ച്ചാ വിഷയമാകുകയും ചില ഹൈന്ദവ ഗ്രൂപ്പുകള്‍ അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ ഏറ്റവും വലിയ അല്മായ സംഘടനയായ ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു) ആര്‍ച്ചുബിഷപ് കുട്ടോയ്ക്കു പിന്തുണയുമായി രംഗത്തു വന്നത്. ഭാരതത്തിലെ മത ന്യൂനപക്ഷങ്ങളും ദളിതരും നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച ആര്‍ച്ചുബിഷപ്പിന്‍റെ ധീരത മാതൃകാപരമാണെന്നും പത്രക്കുറിപ്പില്‍ കാത്തലിക് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അതിന്‍റെ അനുബന്ധ ഗ്രൂപ്പുകളും ഭാരതത്തിന്‍റെ ജനാധിപത്യ മതേതര സങ്കല്പങ്ങള്‍ക്കു ഭീഷണിയാകുന്നുണ്ട്. ഇതു വ്യക്തമാക്കുന്ന മെത്രാന്മാരെയും മതനേതാക്കളെയും അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളുണ്ടെന്നും കാത്തലിക് യൂണിയന്‍ ആരോപിച്ചു. രാജ്യത്തു മതസ്വാതന്ത്ര്യവും ജീവിത സുസ്ഥിതിയും ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയാണ്. രാജ്യം മതവൈരത്തില്‍ നശിപ്പിക്കപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ ദളിതര്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. കാലികളെ കടത്തുന്നതിന്‍റെ പേരിലും പശു ഇറച്ചി ഭക്ഷിക്കുന്നുവെന്നു സംശയിക്കുന്നതിന്‍റെ പേരിലും മുസ്ലിങ്ങളും ദളിതരും ആള്‍ക്കൂട്ടത്തിന്‍റെ അതിക്രമങ്ങള്‍ക്കു വിധേയരാകുന്നു. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഒട്ടെല്ലാ സംസ്ഥാനങ്ങളിലും അതിന്‍റെ ഉച്ചസ്ഥായിലാണെന്നും കാത്തലിക് യൂണിയന്‍ കുറ്റപ്പെടുത്തി.