മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം ബിഷപ് സാല്‍വദോര്‍ ലോബോ

മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം ബിഷപ് സാല്‍വദോര്‍ ലോബോ

മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണമെന്നും സമാധാനത്തിനും സൗഹാര്‍ദത്തിനും വിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന പത്രപ്രവര്‍ത്തനമാണ് ഇന്നത്തെ സമൂഹത്തിനാവശ്യമെന്നും സിബിസിഐയുടെ സാമൂഹ്യസമ്പര്‍ക്കത്തിനായുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാല്‍വദോര്‍ ലോബോ അഭിപ്രായപ്പെട്ടു. ഇന്‍ഡോറില്‍ ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍റെ ഇരുപത്തിമൂന്നാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്‍റെ ഭരണഘടനയെക്കുറിച്ച് സഭയുടെ എല്ലാ രംഗങ്ങളിലും കൃത്യവും വ്യക്തവുമായ അവബോധം നല്‍കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും ബിഷപ് പറഞ്ഞു.

"അച്ചടി മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യവും" എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ഡോ. റാം പുനിയാനി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നട്ടെല്ലാണ് ഭരണഘടനയെന്നും എന്നാല്‍ വലിയ ആഘാതങ്ങള്‍ അതിനു സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയം ഹിന്ദുമതത്തിനു യാതൊന്നും നല്‍കുന്നില്ലെന്നും റാം പുനിയാനി സൂചിപ്പിച്ചു. ഐസിപിഎ പ്രസിഡന്‍റ് ഫാ. അല്‍ഫോന്‍സോ ഇലഞ്ഞിക്കല്‍, സെക്രട്ടറി ജോസ് വിന്‍സെന്‍റ്, വൈസ് പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, ഇന്ത്യന്‍ കറന്‍റ്സ് എഡിറ്റര്‍ ഡോ. സുരേഷ് മാത്യു, യൂത്ത് ആക്ഷന്‍ എഡിറ്റര്‍ ഡോ. ജേക്കബ് കണി, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എ. ജെ. ഫിലിപ്പ്, ശരവണ്‍ ഗാര്‍ഗ്, യൂണിവേഴ്സല്‍ സോളിഡാരിറ്റി മൂവ്മെന്‍റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ആലങ്ങാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. എം.ഡി. തോമസ്, ചിന്മയ് മിശ്ര, ഇഗ്നേഷ്യസ് ഗോണ്‍ സാല്‍വസ്, ബേബിച്ചന്‍ എര്‍ത്തയില്‍ എന്നിവര്‍ക്ക് വിവിധ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ചലച്ചിത്രകാരനും എഴുത്തുകാരനുമായ പ്രഭു ജോഷി സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org