ഗര്‍ഭച്ഛിദ്ര നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണം -ബിഷപ് പോള്‍ മുല്ലശ്ശേരി

ഗര്‍ഭച്ഛിദ്ര നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണം -ബിഷപ് പോള്‍ മുല്ലശ്ശേരി

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് പോള്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസി യില്‍ പ്രൊലൈഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മേഖലാ ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. 2020-ലെ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മാര്‍ഗരേഖകള്‍ സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ സമഗ്ര വാര്‍ഷികറിപ്പോര്‍ട്ടും ഗര്‍ഭച്ഛിദ്ര നിയമം ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നങ്ങളും അവതരിപ്പിച്ചു.

ഗര്‍ഭച്ഛിദ്രം നടത്തുവാനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്തുവാനുള്ള തീരുമാനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിലവില്‍ ഇന്ത്യയില്‍ ഇത് 20 ആഴ്ചയായിരുന്നു. ഈ തീരുമാനം ഗര്‍ഭച്ഛിദ്രത്തിനു വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ പാര്‍ലമെന്‍റംഗങ്ങളും മത സാംസ്കാരിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും തയ്യാറാകണണെന്നു സമ്മേളനം ആവശ്യപ്പെട്ടു.

വിവിധ മേഖലകളിലും രൂപതകളിലും പ്രതിഷേധസമ്മേളനം, ഉപവാസം, റാലികള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, സംഗമം തുടങ്ങിയ വിവിധ കര്‍മ്മപദ്ധതികള്‍ക്ക് യോഗം രുപം നല്കി. 'ജീവന്‍റെ സുവിശേഷം' എന്ന അപ്പസ്തോലിക രേഖയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന മേഖല, രൂപതാ തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പ്രേഷിത വര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ രൂപതകളിലൂടെ ഒരു ലക്ഷം സമര്‍പ്പിത പ്രേഷിത പ്രൊലൈഫ് കുടുംബങ്ങള്‍ക്ക് രുപം നല്കും. ഭ്രൂണഹത്യയ്ക്കു 24 മാസം വരെയുള്ള അനുവാദം നല്കാനുള്ള നിയമനിര്‍മ്മാണ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്കു നല്കാനും സമ്മേളനം തീരുമാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org