സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുക വെല്ലുവിളി: ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി

ഇന്നു സമൂഹത്തില്‍ ജനങ്ങള്‍ക്കു മുന്നിലുള്ളത് പ്രധാനമായും നാലു തരം വെല്ലുവിളികളാണെന്ന് ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി അനുസ്മരിപ്പിച്ചു. സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുക, സ്വാര്‍ത്ഥതയില്ലാതെ ജീവിക്കുക, സ്നേഹം പകര്‍ന്നു സമൂഹത്തെ ശക്തിപ്പെടുത്തുക, സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുക എന്നിവയാണവ. സമാധാനത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും വക്താക്കളായി സമൂഹത്തില്‍ കാരുണ്യം പരത്താന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. ഗോവയുടെ സംരക്ഷണ വിശുദ്ധനായ വി. ജോസഫ് വാസിന്‍റെ തിരുനാളില്‍ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വി. ജോസഫ് വാസിന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നാം വ്യാപരിക്കണം. ക്രിസ്തുവിന്‍റെ പാതകളിലൂടെ നടന്ന് പിന്നാക്കക്കാര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ജീവിച്ച വ്യക്തിയാണ് വി. ജോസഫ് വാസ് — ആര്‍ച്ചുബിഷപ് പറഞ്ഞു. അഗര്‍ത്തല ബിഷപ് ലൂമെന്‍ മൊന്തേരിയോ, സിന്ധുദുര്‍ഗ് ബിഷപ് ആന്‍റണി ഫെര്‍ണാണ്ടസ് ബാരെറ്റോ, കാര്‍വാര്‍ ബിഷപ് ഡെറക് ഫെര്‍ണാണ്ടസ്, സിബിസിഐ സെക്രട്ടറി തിയോഡര്‍ മസ്ക്രിനാസ് എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org