കുടുംബഭദ്രത സമൂഹത്തിന്‍റെ നിലനില്പിനാധാരം -ബിഷപ് സ്റ്റാന്‍ലി റോമന്‍

കുടുംബഭദ്രത സമൂഹത്തിന്‍റെ നിലനില്പിനാധാരം -ബിഷപ് സ്റ്റാന്‍ലി റോമന്‍

കുടുംബഭദ്രത ഇന്നിന്‍റെ അനിവാര്യതയാണെന്നും സഭയിലാണ് ജീവന്‍റെ വചസ്സുഉള്ളതെന്നും അതിലൂടെ കുടുംബഭദ്രത നിലനിറുത്തുന്ന പരിശുദ്ധിയുടെ ജീവിതം സൃഷ്ടിച്ചെടുക്കണമെന്നും ബിഷപ് സ്റ്റാന്‍ലി റോമന്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'ശരീരത്തിന്‍റെ ദൈവശാസ്ത്ര' (തിയോളജി ഓഫ് ദ ബോഡി)ത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി പ്ലാനിങ്ങിന്‍റെ ഈ കാലഘട്ടത്തില്‍ നമ്മുടെ നിലപാടുകള്‍ സഭയ്ക്കൊപ്പമോ എന്ന് ആത്മശോധന ചെയ്യണം. ജനസംഖ്യ ഒരു ബാധ്യതയല്ല, ആസ്തിയാണ്. ചെറിയ കുടുംബം സന്തുഷ്ടകുടുംബമാണെന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇന്നു കാണുന്ന പല കുടുംബപ്രശ്നങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും അടിസ്ഥാന കാരണം കുടുംബത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുപോയതാണെന്ന് വികസിത രാജ്യങ്ങള്‍ പോലും അംഗീകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്‍റെ സിരാകേന്ദ്രങ്ങളില്‍ നിന്നും വിപരീത ചിന്തകള്‍ ഉയര്‍ന്നു വരുന്നത് ദേശസ്നേഹം കൊണ്ടല്ലെന്നും ബിഷപ് സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലികമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, അലീന ജോയി എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബാബു ജോണ്‍ (യുഎസ്എ), ഡോ. ടോണി ജോസഫ്, ഡോ. ഫിന്‍റോ ഫ്രാന്‍സിസ്, ഡോ. റെജു വര്‍ഗീസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ശരീരം, ലൈംഗികത, വിവാഹം എന്നീ വിഷയങ്ങളെക്കുറിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഈ ലോകത്തിനു നല്കിയ പ്രബോധനങ്ങളുടെ സമാഹാരമാണ് 'ശരീരത്തിന്‍റെ ദൈവശാസ്ത്രം' (തിയോളജി ഓഫ് ദ ബോഡി).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org