ഗോവധത്തിനു വധശിക്ഷ വേണമെന്ന നിലപാട് അപലപനീയം – ബിഷപ് വിന്‍സന്‍റ് ബര്‍വ്വ

ഗോവധത്തിനു വധശിക്ഷ വേണമെന്ന നിലപാട് അപലപനീയം – ബിഷപ് വിന്‍സന്‍റ് ബര്‍വ്വ

ഗോവധനിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന തീവ്രഹിന്ദു സംഘടനയായ വിശ്വഹിന്ദുപരിഷത്തിന്‍റെ നിലപാട് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ബിഷപ് വിന്‍സന്‍റ് ബര്‍വ്വ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളിലൂടെ രാജ്യത്ത് മതവിദ്വേഷം പരത്തുകയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ പശുവിനെ ആരാധിക്കുന്നുണ്ടാകാം. ഭാരതത്തിലെ ഇരുപതോളം സംസ്ഥാനങ്ങളില്‍ ഗോവധനിരോധന നിയമം നിലവിലുണ്ട്. എന്നാല്‍ 2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഗോവധവുമായി ബന്ധപ്പെട്ട് കയ്യേറ്റവും കൊലപാതകങ്ങളും നടത്തിയതിന് ഇരുപതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശുവിനെ വില്‍ക്കുന്നവരും അതിനെ കൊല്ലുന്നവരെ പോലെ കുറ്റവാളികളാണെന്ന് അടുത്തിടെ വിശ്വഹിന്ദുപരിഷത്ത് നേതാവ് നാരായണ മഹാരാജ് ഷിന്‍ഡെ നടത്തിയ പരാമര്‍ശവും മതന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ബിഷപ് ബര്‍വ്വ പറഞ്ഞു. ഈ നീക്കങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഹൈന്ദവസംഘടനകള്‍ ചൂഷണം ചെയ്യുകയാണെന്നും അത് ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കാരണമാകുകയാണെന്നും ബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org