ആര്‍ച്ചുബിഷപ് വിരുതുകുളങ്ങരയ്ക്ക് അന്ത്യാഞ്ജലി

ആര്‍ച്ചുബിഷപ് വിരുതുകുളങ്ങരയ്ക്ക് അന്ത്യാഞ്ജലി

കാലം ചെയ്ത നാഗ്പൂര്‍ ആര്‍ ച്ചുബിഷപ് എബ്രാഹം വിരുതുകുളങ്ങരയ്ക്ക് ആയിരങ്ങളുടെ അശ്രുപൂജ. ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്ത് ഹൃദയാഘാതം മൂലം അന്തരിച്ച ആര്‍ച്ചുബിഷപ്പിന്‍റെ മൃതദേഹം പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ നാഗ്പൂര്‍ സെന്‍റ് ഫ്രാന്‍സിസ് സാലസ് കത്തീഡ്രലില്‍ കബറടക്കി. സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും അമ്പതിലേറെ മെത്രാന്മാരും അനേകം വൈദികരും സന്യസ്തരും നാനാതുറകളില്‍പെട്ട ജനങ്ങളും അന്തിമോപചാരമര്‍പ്പിച്ചു.

കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗമായ ഡോ. വിരുതുകുളങ്ങര 1943 ജൂണ്‍ 5 നാണ് ജനി ച്ചത്. 1969 ഒക്ടോബര്‍ 28 ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് എട്ടു വര്‍ഷക്കാലം മധ്യപ്രദേശിലെ ഗോന്‍ഡ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തി. 1977 ജൂലൈ 13 ന് 34-ാം വയസ്സില്‍ മെത്രാനായി അഭിഷിക്തനായി. മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ ഖാണ്ഡുവ രൂപതയുടെ അധ്യക്ഷനായിട്ടായിരുന്നു നിയമനം. 1998 ല്‍ നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി. ആദിവാസികളുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം നീക്കിവച്ച പാവങ്ങളുടെ ഇടയന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ലളിതജീവിത ശൈലികൊണ്ട് ഏറെപ്പേരുടെ ആദരം നേടിയിരുന്നു. ഇതര മതസ്ഥരുമായും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമായും യോജിപ്പോടെയും സഹകരണത്തോടെയും പ്രവര്‍ത്തിച്ചു. മതാന്തര ബന്ധങ്ങളിലും ഏറെ ശ്രദ്ധ പുലര്‍ത്തി. യുവജന അല്മായ സംഘടനയായ ജീസസ് യൂത്തിന്‍റെ അന്താരാഷ്ട്ര ഉപദേഷ്ടാവായിരുന്നു ആര്‍ച്ചുബിഷപ് വിരുതുകുളങ്ങര.

ഭാരതസഭയുടെ വളര്‍ച്ചയ്ക്കും മതസൗഹാര്‍ദരംഗത്തും മഹനീയസംഭാവനകള്‍ നല്‍കിയ ഇടയശ്രേഷ്ഠനെയാണ് ആര്‍ച്ച്ബിഷപ് ഡോ. എബ്രഹാം വിരുതുകുളങ്ങരയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സഭ വലിയ പ്രതീക്ഷവയ്ക്കുന്ന യുവജനശുശ്രൂഷയ്ക്ക് ഉണര്‍വും പുതിയ മാനങ്ങളും നല്‍കാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായെന്നും അനുശോചന സന്ദേശത്തില്‍ കര്‍ദിനാള്‍ സൂചിപ്പിച്ചു. ഭാരതത്തിന്‍റെ മതേതര മൂല്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് പാവങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഉന്നതിയിലേക്കു നയിച്ച വലിയ മിഷനറിയായിരുന്നു ഡോ. എബ്രാഹം വിരുതുകുളങ്ങരയെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സഹനങ്ങളും ദുരിതങ്ങളും ജീവി തബലിയായി അര്‍പ്പിച്ച അദ്ദേഹം എക്കാലത്തും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും മാര്‍ ക്ലീമിസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org