കാമ്പസ് രാഷ്ട്രീയത്തിന് നിയമപ്രാബല്യം നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: കെ സി ബി സി

കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാഭ്യാസമേഖലയോടും കോടതിവിധികളോടുമുള്ള വെല്ലുവിളിയാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍.

സ്വാശ്രയ കോളജുകളെക്കൂടി പുതിയ രാഷ്ട്രീയ താവളങ്ങളാക്കി മാറ്റാവാനുമാണ് ഈ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ, 'കേരളവിദ്യാര്‍ത്ഥി സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യലും വിദ്യാര്‍ത്ഥി പരാതി പരിഹാരകമ്മീഷന്‍ രൂപീകരണവും' എന്ന കരടുബില്ലാണ് ഓര്‍ഡിനന്‍സായി പുറത്തിറക്കുവാന്‍ പോകുന്നത്.

കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ന്യായാന്യായ വശങ്ങളെ സസൂക്ഷ്മം പരിശോധിച്ചു പഠിച്ച് കാമ്പസ്സുകളില്‍ രാഷ്ട്രീയം പാടില്ല എന്ന നിരവധി കോടതിവിധികളെ പുച്ഛിച്ചുതള്ളിയാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജും എറണാകുളം മഹാരാജാസ് കോളേജുമുള്‍പ്പെടെയുള്ള നിരവധി കോളജുകളില്‍ ജനാധിപത്യ പരിശീലനത്തിന്‍റെ പേരില്‍ അരങ്ങേറിയ അക്രമത്തിന്‍റെയും കൊലപാതകത്തിന്‍റെയും അരാജകത്വത്തിന്‍റെയും ഭീകരമുഖങ്ങള്‍ കണ്ട കേരള സമൂഹത്തിന് സര്‍ക്കാരിന്‍റെ ഈ ഓര്‍ഡിനന്‍സിനെ ഉള്‍ക്കൊള്ളാനാവില്ല. കേരള യൂണിവേഴ്സിറ്റി കോളജില്‍ രാഷ്ട്രീയത്തിന്‍റെ പിന്‍ബലത്തില്‍ നടന്ന ഏറ്റം അപലപനീയമായ വസ്തുതയാണ്, വളരെ സുതാര്യമെന്നും സ്വതന്ത്രമെന്നും കരുതിയിരുന്ന പി.എസ്.സി. പരീക്ഷയില്‍ നടന്നിരിക്കുന്ന അട്ടിമറി. ഉന്നത രാഷ്ട്രീയ നേതാക്കന്മാരുടെ മക്കള്‍ കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും ഉന്നത വിദ്യാഭ്യാസം സുഗമമായി നടത്തുമ്പോള്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പരീക്ഷണശാലകളാകുമ്പോള്‍ നഷ്ടപ്പെടുന്നത് സാധാരണ കുടുംബങ്ങളിലെ കുട്ടികളുടെ ഭാവി സ്വപ്നങ്ങളാണ്. ഇതുകൊണ്ടുണ്ടാകുന്ന നേട്ടം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അണികളെയും ആജ്ഞാനുവര്‍ത്തികളെയും സൃഷ്ടിക്കാമെന്നു മാത്രമേ ഉള്ളൂ എന്നാണ് വസ്തുത.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനും കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കാനുമുള്ള സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തു വരണമെന്നും സമാനചിന്താഗതിക്കാരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org