ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു
Published on

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) മേഴ്‌സി സ്റ്റീഫന്‍, സാബു മാത്യു, ഫാ. സുനില്‍ പെരുമാനൂര്‍, മാര്‍ മാത്യു മൂലക്കാട്ട്, ആര്യ രാജന്‍, ബിജു വലിയമല, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.

കോട്ടയം:  ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. രോഗപീഢകളാല്‍ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക്  സഹായ ഹസ്തമൊരുക്കി സമൂഹത്തില്‍ സ്‌നേഹത്തിന്റെ പ്രകാശം പരത്തുവാന്‍ ക്യാന്‍സര്‍ ദിനാചരണം വഴിയൊരുക്കുമെന്നും നിര്‍ദ്ദനരായ ആളുകളുടെ ഉന്നമനത്തിനായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ അശരണര്‍ക്ക് ആശ്വാസമേകി നന്മയുടെ വെളിച്ചം പകരുവാന്‍ സമൂഹത്തിന് കഴിയണമെന്നും ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിത ക്രമത്തിലൂടെയും കാഴ്ച്ചപ്പാടുകളിലൂടെയും മുന്‍പോട്ട് പോയി ക്യാന്‍സര്‍ പോലുള്ള മഹാമാരികളെ പ്രതിരോധിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.  ദിനാചാരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ക്യാന്‍സര്‍ സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന് കോട്ടയം മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് നേതൃത്വം നല്‍കി. കൂടാതെ 50 ക്യാന്‍സര്‍ ബാധിതരായ ആളുകള്‍ക്ക് ചികിത്സാ സഹായവിതരണവും നടത്തപ്പെട്ടു. ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിത ശൈലി രൂപപ്പെടുത്തി ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായിട്ടാണ് ആശാകിരണം പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അടുക്കളത്തോട്ട വ്യാപന പദ്ധതി, വിത്ത് ബാങ്ക് പദ്ധതി, വോളണ്ടിയേഴ്‌സ് ടീം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org