അള്‍ത്താര ശുശ്രൂഷയ്ക്കും ബൈബിള്‍ വായനക്കും വനിതകള്‍ക്ക് കാനോനിക്കല്‍ അനുമതി

അള്‍ത്താര ശുശ്രൂഷയ്ക്കും ബൈബിള്‍ വായനക്കും വനിതകള്‍ക്ക് കാനോനിക്കല്‍ അനുമതി
Published on

അള്‍ത്താരകളില്‍ ബൈബിള്‍ വായിക്കാനും തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കാനും വനിതകളെ അനുവദിക്കുന്ന തരത്തില്‍ കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമത്തിലെ (230,1) അത്മായ പുരുഷന്മാര്‍ എന്ന പ്രയോഗം അത്മായ വ്യക്തികള്‍ എന്നു തിരുത്തുകയാണു മാര്‍പാപ്പ ചെയ്തത്. ഇപ്പോഴും മിക്ക രൂപതകളിലും വനിതകള്‍ ബൈബിള്‍ വായിക്കുകയും അള്‍ത്താര ശുശ്രൂഷികളാകുകയും ചെയ്യുന്നുണ്ട്. അതു പക്ഷേ അതതു രൂപതാ മെത്രാന്മാരുടെ പ്രത്യേക അനുമതിയോടെ ആണ്. പ്രാദേശികമായ പ്രത്യേക അനുമതി ആവശ്യമില്ലാത്ത തരത്തില്‍ കാനോന്‍ നിയമത്തിലൂടെ തന്നെ ഇത് സാര്‍വത്രികമാക്കുകയാണ് മാര്‍പാപ്പ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ജ്ഞാനസ്‌നാനത്തിലൂടെ ലഭ്യമാകുന്ന രാജകീയ പൗരോഹിത്യത്തിന്റെ അടിസ്ഥാനത്തിലുള്ള അത്മായശുശ്രൂഷകള്‍ സ്ത്രീ, പുരുഷ ഭേദമില്ലാതെ അനുയോജ്യരായ എല്ലാ അത്മായരെയും ഭരമേല്‍പിക്കേണ്ടതുണ്ടെന്ന് ഇതു സംബന്ധിച്ച് വിശ്വാസകാര്യാലയത്തിന്റെ അദ്ധ്യക്ഷന് അയച്ച കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു. എന്നാല്‍ ഇത് വനിതാ പൗരോഹിത്യത്തെ സംബന്ധിച്ച സഭാനിലപാടില്‍ മാറ്റമൊന്നും വരുത്തുന്നില്ല. അഭിഷിക്ത ശുശ്രൂഷകളും അനഭിഷിക്ത തമ്മിലുള്ള വ്യത്യാസം കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കുന്നുണ്ട്. അനഭിഷിക്ത ശുശ്രൂഷകള്‍ ഏല്‍പിക്കുന്നതില്‍ സ്ത്രീ-പുരുഷ വിവേചനം ഒഴിവാക്കുക എന്നതാണു ലക്ഷ്യം. പരമ്പരാഗതമായി അനഭിഷിക്ത ശുശ്രൂഷകളും പുരുഷന്മാര്‍ക്കു മാത്രമാണ് നല്‍കപ്പെട്ടിരുന്നത്. തിരുപ്പട്ടത്തിനു മുന്നോടിയായി ഇവ കരുതപ്പെട്ടിരുന്നതിനാലാണ് അത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org