ജനങ്ങളെ ശ്രവിക്കുന്നവര്‍ക്കു വോട്ട് നല്‍കുക: കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ജനങ്ങളെ ശ്രവിക്കുന്നവര്‍ക്കു വോട്ട് നല്‍കുക: കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ജനാധിപത്യ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന് ഭാരതം ഒരുങ്ങുമ്പോള്‍ ജനങ്ങളെ ശ്രവിക്കുന്നവര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കും അവയോട് ഫലപ്രദമായി പ്രതികരിക്കുന്നവര്‍ക്കും വോട്ടു നല്‍കാന്‍ സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തു. പതിനേഴാം ലോകസഭയിലേക്ക് ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ 543 പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ഇടയ ലേഖനത്തിലാണ് ഈ ആഹ്വാനം കര്‍ദിനാള്‍ നല്‍കിയിരിക്കുന്നത്. എന്താണ് നമ്മുടെ രാജ്യത്തിനു നല്ലതെന്നു പ്രാര്‍ത്ഥിച്ചും വിവേചിച്ചും മനസ്സിലാക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വിവേകപൂര്‍വം നമ്മുടെ സമ്മതിദാനാവകാശം നാം വിനിയോഗിക്കണം — ഇടയലേഖനത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.

സമ്മതിദാനാവകാശം പൗരന്‍റെ പവിത്രമായ കര്‍ത്തവ്യമാണെന്ന് കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു. അജപാലകര്‍ എന്ന നിലയില്‍ ഇടയലേഖനം എഴുതുക എന്നത് മെത്രാന്മാരുടെ കടമയാണ്. നമ്മുടെ രാജ്യത്തിന്‍റെ ഭാവി രൂപീകരിക്കുന്നതില്‍ നന്മ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം കൈകള്‍ കോര്‍ത്ത് ഫലപ്രദമായി നമുക്കും പ്രവര്‍ത്തിക്കാം – കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നയം സഭയ്ക്കില്ല. കാലാകാലങ്ങളിലുള്ള സര്‍ക്കാരുകള്‍ ഭാരതത്തിന്‍റെ പുരോഗതിക്കായി പരിശ്രമിച്ചിട്ടുണ്ട്. അതു ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതും അസംഘടിത തൊഴിലാളികള്‍ക്കു ജീവിക്കാനാവശ്യമായ വേതനം കിട്ടാത്തതും കര്‍ഷകരുടെ പ്രതിസന്ധികളുമെല്ലാം പരിഗണിക്കപ്പെടേണ്ട മേഖലകളാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org