കാര്‍ഡി.വാന്‍ തുവാന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്

കാര്‍ഡി.വാന്‍ തുവാന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്

വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന്‍റെ പീഡനങ്ങള്‍ക്കിരയായിട്ടുള്ള കാര്‍ഡിനല്‍ ഫ്രാന്‍സിസ് സേവ്യര്‍ വാന്‍ തുവാന്‍ ഉള്‍പ്പെടെയുള്ളവരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ണായക ഘട്ടം പിന്നിട്ടു. ഇവരുടെ മദ്ധ്യസ്ഥത്താല്‍ നടന്ന അത്ഭുതങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കി.

കാര്‍ഡിനല്‍ തുവാന്‍ വിയറ്റ്നാമിലെ സെയ്ഗോണ്‍ അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് നഗരം ഉത്തര വിയറ്റ്നാം സൈന്യം കീഴടക്കിയത്. തുടര്‍ന്ന് ആര്‍ച്ചുബിഷപ്പിനെ ജയിലിലാക്കി. 13 വര്‍ഷം നീണ്ട ജയില്‍വാസത്തില്‍ 9 വര്‍ഷവും ഏകാന്ത തടവിലായിരുന്നു. ജയില്‍ മോചിതനായ ശേഷം 3 വര്‍ഷം വീട്ടുതടങ്കലിലും പാര്‍പ്പിച്ചു. തുടര്‍ന്ന് 1991-ല്‍ റോം സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച അദ്ദേഹം റോമിലെത്തുകയും തുടര്‍ന്ന് അവിടെ താമസമാക്കുകയും ചെയ്തു. വത്തിക്കാന്‍ നീതി സമാധാന കാര്യാലയത്തിന്‍റെ ഉപാദ്ധ്യക്ഷനായും അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. 2001-ല്‍ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. 2002-ല്‍ 74-ാം വയസ്സില്‍ നിര്യാതനായി.

2000-ല്‍ റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക് തന്‍റെ ജയില്‍ അനുഭവങ്ങളെ ആധാരമാക്കി കാര്‍ഡിനല്‍ തുവാന്‍ നല്‍കിയ ധ്യാനം ലോകപ്രസിദ്ധമായി. ജയിലില്‍ ചില കാവല്‍ക്കാരുടെ സഹായത്തോടെ അദ്ദേഹം പരിമിതമായ സൗകര്യങ്ങളില്‍ ദിവ്യബലിയര്‍പ്പിച്ചിരുന്നതും ചെറിയ കുറിപ്പുകള്‍ എഴുതിയിരുന്നതും ജയില്‍ അനുഭവങ്ങളുടെ തീവ്രത ലോകത്തിനു പകര്‍ന്നു നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org