‘കാര്‍ഡിനല്‍ ബിഷപ്’ പദവിയിലേയ്ക്ക് കൂടുതല്‍ കാര്‍ഡിനല്‍മാര്‍

‘കാര്‍ഡിനല്‍ ബിഷപ്’ പദവിയിലേയ്ക്ക് കൂടുതല്‍ കാര്‍ഡിനല്‍മാര്‍

കാര്‍ഡിനല്‍ സംഘത്തിന്‍റെ ഘടനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിതമായ ഒരു പരിഷ്കരണം നടത്തി. ഇതുവഴി കൂടുതല്‍ കാര്‍ഡിനല്‍മാര്‍ക്ക് 'കാര്‍ഡിനല്‍ ബിഷപ്' എന്ന പദവിയും ഉത്തരവാദിത്വവും ലഭ്യമായി. അധികാരങ്ങളും അംഗീകാരങ്ങളും കുടുതല്‍ പേര്‍ക്കു നല്‍കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയുടെ ഒരു ഭാഗമായി ഇതു വീക്ഷിക്കപ്പെടുന്നു.

കാര്‍ഡിനല്‍മാരുടെ സംഘത്തെ അതിനുള്ളില്‍ മൂന്നു ശ്രേണികളായി വിഭജിച്ചിട്ടുണ്ട്. കാര്‍ഡിനല്‍ ഡീക്കന്‍, കാര്‍ഡിനല്‍ പുരോഹിതന്‍, കാര്‍ഡിനല്‍ മെത്രാന്‍ എന്നിവയാണവ. ഇവയില്‍ കാര്‍ഡിനല്‍ മെത്രാന്‍ ആണ് ഏറ്റവും ഉയര്‍ന്ന പദവി. ലാറ്റിന്‍ സഭയിലെ ആറു കാര്‍ഡിനല്‍മാരും പൗരസ്ത്യ കത്തോലിക്കാസഭകളുടെ പാത്രിയര്‍ക്കീസുമാരായ കാര്‍ഡിനല്‍മാരുമാണ് പരമ്പരാഗതമായി കാര്‍ഡിനല്‍ മെത്രാന്‍ എന്ന പദവിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ലത്തീന്‍ കാര്‍ഡിനല്‍ മെത്രാന്മാര്‍ക്ക് റോം രൂപതയുടെ പ്രാന്തത്തിലുള്ള രൂപതകളുടെ സ്ഥാനിക മെത്രാന്‍ എന്ന പദവിയും നല്‍കി വരുന്നു. ഇപ്പോള്‍ ഇപ്രകാരം സ്ഥാനിക മെത്രാന്‍ പദവി നല്‍കാതെ തന്നെ റോമന്‍ കൂരിയായിലെ തന്‍റെ പ്രധാന സഹപ്രവര്‍ത്തകരായ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, പൗരസ്ത്യകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലിയോനാര്‍ദോ സാന്ദ്രി, മെത്രാന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ക് ഔലെറ്റ്, സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോനി എന്നിവര്‍ക്കു കൂടി കാര്‍ഡിനല്‍ ബിഷപ് എന്ന പദവി നല്‍കിയിരിക്കുന്നു. ഇവരില്‍ കാര്‍ഡിനല്‍ ഫിലോനി ഇതുവരെ കാര്‍ഡിനല്‍ ഡീക്കനും മറ്റുള്ളവര്‍ കാര്‍ഡിനല്‍ പുരോഹിതരും ആയിരുന്നു. കാര്‍ഡിനല്‍മാരായ താര്‍സീസ്യോ ബെര്‍ത്തോണെ, ജോസ് സരൈവ മര്‍ട്ടിന്‍സ്, റോജര്‍ എച്ചഗറേ, ജോവാന്നി ബാറ്റിസ്റ്ററേ, ഫ്രാന്‍സിസ് അരിന്‍സെ എന്നിവരാണ് ലത്തീന്‍ റീത്തില്‍നിന്ന് ഇപ്പോള്‍ നിലവിലുള്ള കാര്‍ഡിനല്‍ മെത്രാന്മാര്‍. പൗരസ്ത്യസഭാദ്ധ്യക്ഷന്മാരായ മാരൊണൈറ്റ് പാത്രിയര്‍ക്കീസ് ബെഷാരാ ബുട്രോസ് റായ്, മാരൊണൈറ്റ് മുന്‍ പാത്രിയര്‍ക്കീസ് പിയറി സ്ഫെയര്‍, കോപ്റ്റിക് മുന്‍ പാത്രിയര്‍ക്കീസ് അന്‍റോണിയോസ് നഗ്വിബ് എന്നിവരാണ് മറ്റു കാര്‍ഡിനല്‍ മെത്രാന്മാര്‍. പുതുതായി കാര്‍ഡിനല്‍ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ട കല്‍ദായ പാത്രിയര്‍ക്കീസ് ലുയിസ് റാഫേല്‍ സാകോയും കാര്‍ഡിനല്‍ മെത്രാന്‍ ആയിരിക്കും.

കഴിഞ്ഞ കാലങ്ങളില്‍ കാര്‍ഡിനല്‍ ഡീക്കന്മാരുടേയും കാര്‍ഡിനല്‍ പുരോഹിതരുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അതിന് ആനുപാതികമായി കാര്‍ഡിനല്‍ മെത്രാന്മാരുടെ എണ്ണം വര്‍ദ്ധിച്ചില്ലെന്ന് ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച ഉത്തരവില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നു. കാര്‍ഡിനല്‍ സംഘത്തിന്‍റെ ഡീനിനെ തിരഞ്ഞെടുക്കേണ്ടത് കാര്‍ഡിനല്‍ മെത്രാന്മാരില്‍ നിന്നായിരിക്കണം. അദ്ദേഹത്തിനാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കാര്‍ഡിനല്‍മാരുടെ കോണ്‍ക്ലേവ് നടത്താനും തിരഞ്ഞെടുക്കപ്പെടുന്നയാളോട് സമ്മതം ചോദിക്കാനും തിരഞ്ഞെടുക്കപ്പെടുന്നയാള്‍ മെത്രാനല്ലെങ്കില്‍ അദ്ദേഹത്തിനു മെത്രാഭിഷേകം നല്‍കാനുമുള്ള അധികാരം. കാര്‍ഡിനല്‍ സംഘത്തിന്‍റെ ഡീനിന് 80 വയസ്സു കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോണ്‍ക്ലേവില്‍ അദ്ധ്യക്ഷത വഹിക്കേണ്ടത് ഏറ്റവും മുതിര്‍ന്ന കാര്‍ഡിനല്‍ മെത്രാനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org