കാര്‍ഡിനല്‍ കഫാറ നിര്യാതനായി

കാര്‍ഡിനല്‍ കഫാറ  നിര്യാതനായി

ഇറ്റലിയിലെ ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനായി വിരമിച്ച കാര്‍ഡിനല്‍ കാര്‍ലോ കഫാറ നിര്യാതനായി. 79 വയസ്സായിരുന്നു. വിവാഹം, കുടുംബം എന്നിവ സംബന്ധിച്ച സഭാപ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നതിനു നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമോരിസ് ലെത്തീസ്യ എന്ന അപ്പസ്തോലിക് പ്രഖ്യാപനത്തിനു വിശദീകരണങ്ങള്‍ ചോദിച്ചുകൊണ്ട് കത്തയച്ച നാലു കാര്‍ഡിനല്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ കാര്‍ഡിനല്‍ ഈയിടെ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈ നാലു പേരില്‍ ഒരാളായിരുന്ന ജര്‍മ്മനിയില്‍ നിന്നുള്ള കാര്‍ഡിനല്‍ യോവാക്കിം മെയ്സനര്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ നിര്യാതനായിരുന്നു. ലെത്തീസ്യയിലെ പ്രബോധനത്തില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നും അതു സഭയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അതു പരിഹരിക്കണമെന്നും മാര്‍പാപ്പയ്ക്കുള്ള കത്തില്‍ ഇവരെഴുതിയിരുന്നു. രഹസ്യമായാണ് കത്തയച്ചതെങ്കിലും രണ്ടു മാസങ്ങള്‍ക്കു ശേഷം അതു മാധ്യമങ്ങളില്‍ വരികയായിരുന്നു.

ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായിരുന്ന കാര്‍ഡിനല്‍ കഫാറ വത്തിക്കാന്‍ വിശ്വാസകാര്യാലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്താണ്. അമേരിക്കയില്‍ പ്രസിദ്ധമായ ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്യേജ് ആന്‍ഡ് ഫാമിലി സ്ഥാപിച്ചത് കാര്‍ഡനലാണ്. പിന്നീട് മെക്സിക്കോയിലും സ്പെയിനിലും ഇതിനു ശാഖകളും സ്ഥാപിതമായി. 1995-ല്‍ ആര്‍ച്ചുബിഷപ്പായി. 2006-ല്‍ കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടു. 2015-ല്‍ വിരമിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org