വൈവിധ്യത്തെ ഭീഷണിയായി കാണരുത് -കര്‍ദിനാള്‍ ചാള്‍സ് ബോ

വൈവിധ്യത്തെ ഭീഷണിയായി കാണരുതെന്നും അത് ആഘോഷിക്കുകയാണു വേണ്ടതെന്നും മ്യാന്‍മാറിലെ യാങ്കൂണില്‍ നിന്നുള്ള കര്‍ദി. ചാള്‍സ് മോംഗ് ബോ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ ഭാരതത്തിലെ പ്രഥമ സന്ദര്‍ശനവേളയില്‍ കൊല്‍ക്കൊത്തയില്‍ വച്ച് വിവിധ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം അനുസ്മരിപ്പിച്ചത്. നാനത്വത്തിലെ ഏകത്വം മാനവികതയെ ഐക്യപ്പെടുത്തുന്നതാണ്. അതില്ലെങ്കില്‍ ലോകത്തില്‍ ഒരിക്കലും സമാധാനമുണ്ടാകില്ല – കര്‍ദിനാള്‍ പറഞ്ഞു.

കൊല്‍ക്കത്ത സന്ദര്‍ശനത്തില്‍ തനിക്കു ദര്‍ശിക്കാനായ മതാന്തര സൗഹൃദങ്ങളെ കര്‍ദിനാള്‍ പ്രകീര്‍ത്തിച്ചു. മതനേതാക്കള്‍ ഒരുമിച്ചുനിന്ന് സമാധാനത്തിനും വികസനത്തിനും സാമൂഹിക-മത മൈത്രിക്കും വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മത ന്യൂനപക്ഷ പ്രതിനിധികളുടെ സാഹോദര്യവും പരസ്പര ബഹുമാനവും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായും സലേഷ്യന്‍ സഭാംഗവും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്‍റുമായ കര്‍ദിനാള്‍ ബോ പറഞ്ഞു. സംസ്ക്കാരങ്ങള്‍ക്കും സമര്‍പ്പിത ജീവിതത്തിനുമുള്ള വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗവും ആശയവിനിമയത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗവുമാണ് കര്‍ദിനാള്‍ ചാള്‍സ് ബോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org