ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനു സിവില്‍ അധികാരികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക -കാര്‍ഡിനല്‍ ബര്‍ക്

ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനു സിവില്‍ അധികാരികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക -കാര്‍ഡിനല്‍ ബര്‍ക്

കൊറോണാ പകര്‍ച്ചവ്യാധിയുടെ കാലത്ത് കത്തോലിക്കാ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനു സിവില്‍ ഭരണാധികാരികളുമായി ചേര്‍ന്നു ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നു മെത്രാന്മാരോടും വൈദികരോടും കാര്‍ഡിനല്‍ റെയ്മണ്ട് ബര്‍ക് ആവശ്യപ്പെട്ടു. ഈ പകര്‍ച്ചവ്യാധി വലിയ ദുഃഖവും ഭീതിയും കൊണ്ടുവന്നിട്ടുണ്ടെന്നതു ശരിയാണ്. നാം വലിയ സഹനത്തിലായിരിക്കുകയും മരണത്തെ പോലും മുഖാമുഖം കാണുകയും ചെയ്യുന്നു. ദൈവമെവിടെയാണ് എന്നു നാം ചോദിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ചോദ്യമിതാണ്: നാം എവിടെയാണ്?-കാര്‍ഡിനല്‍ വിശദീകരിച്ചു.

ഈ പകര്‍ച്ചവ്യാധിയെ നേരിടുന്നതിനു നാമെല്ലാം ഒരു തരം നിര്‍ബന്ധിത ആത്മീയ ധ്യാനത്തിലേയ്ക്കു പ്രവേശിച്ചിരിക്കുകയാണെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. നാം വീടുകളിലേയ്ക്ക് ഒതുങ്ങിയിരിക്കുകയാണ്. ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള അടുപ്പം പ്രകടിപ്പിക്കുന്നതിനു സാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു നിര്‍വ്വാഹമില്ല. ക്വാറന്‍റൈനിലുള്ളവരെ സംബന്ധിച്ചു കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണ്. പള്ളികളില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും ദിവ്യബലിയില്‍ പങ്കെടുക്കാനും കഴിയാത്തത് ഭക്തരായ അനേകം കത്തോലിക്കാ വിശ്വാസികളെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ ഇതും ഗാഢമായ ഒരു സഹനമായി കണ്ട് സ്വീകരിക്കേണ്ടിയിരിക്കുന്നു. അതേസമയം പള്ളികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പ് ആളുകളുടെ ആത്മീയാവശ്യങ്ങള്‍ പരിഗണിക്കാന്‍ സിവില്‍ അധികാരികള്‍ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് മരുന്നും ഭക്ഷണവും വാങ്ങാന്‍ അവസരമൊരുക്കുന്നതു പോലെ പള്ളികളില്‍ പ്രാര്‍ത്ഥിക്കാനും കൂദാശകള്‍ സ്വീകരിക്കാനും നമുക്ക് സാധിക്കേണ്ടതാണ് – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org