ആഗോള കുടുംബസമ്മേളനം കുടുംബജീവിതത്തെ ശക്തിപ്പെടുത്തും- കാര്‍ഡിനല്‍ കെവിന്‍ ഫാറെല്‍

ആഗോള കുടുംബസമ്മേളനം കുടുംബജീവിതത്തെ ശക്തിപ്പെടുത്തും- കാര്‍ഡിനല്‍ കെവിന്‍ ഫാറെല്‍

ഐര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന ആഗോള കുടുംബസമ്മേളനം ഐര്‍ലണ്ടിലും ലോകമാകെയുമുള്ള കുടുംബജീവിതത്തെ ശക്തിപ്പെടുത്തുമെന്ന് വത്തിക്കാന്‍ അല്മായ-കുടുംബ-ജീവന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ കെവിന്‍ ഫാറെല്‍ പ്രസ്താവിച്ചു. വരുന്ന ആഗസ്റ്റ് 21 മുതല്‍ 26 വരെ ഡബ്ലിനിലാണ് സമ്മേളനം.

കുടുംബജീവിതത്തിന്‍റെ സുദീര്‍ഘമായ ഒരു പാരമ്പര്യമുള്ള രാജ്യമാണു ഐര്‍ലണ്ടെന്നും ഈയടുത്ത ദശകങ്ങളില്‍ ഇതിനു മങ്ങലേറ്റിട്ടുണ്ടെന്നും ഐര്‍ലണ്ട് സ്വദേശിയായ കാര്‍ഡിനല്‍ സൂചിപ്പിച്ചു. കുടുംബമൂല്യങ്ങളെ വീണ്ടും ജീവിതത്തിലേയ്ക്കു കൊണ്ടുവരാന്‍ ഈ സമ്മേളനത്തിനു കഴിയും. തങ്ങളുടേതിനു സമാനമായ കുടുംബങ്ങള്‍ ലോകമെങ്ങുമുണ്ടെന്ന അറിവ് നേടിക്കൊണ്ടാകും സമ്മേളനത്തിനെത്തുന്നവര്‍ മടങ്ങുക – കാര്‍ഡിനല്‍ പറഞ്ഞു.

"കുടുംബത്തിന്‍റെ സുവിശേഷം: ലോകത്തിന്‍റെ സന്തോഷത്തിന്" എന്നതാണ് ആഗോള കുടുംബസമ്മേളനത്തിന്‍റെ പ്രമേയം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക പ്രഖ്യാപനമായ അമോരിസ് ലെത്തീസ്യയെ ആധാരമാക്കിയാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്. 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആഗോള കുടുംബസമ്മേളനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ആദ്യത്തേത് റോമില്‍ നടന്നു. മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഈ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്. 2015-ലെ സമ്മേളനം അമേരിക്കയിലെ ഫിലാദെല്‍ഫിയയില്‍ ആണു നടന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org