Latest News
|^| Home -> International -> കാര്‍ഡിനല്‍ ലോ നിര്യാതനായി

കാര്‍ഡിനല്‍ ലോ നിര്യാതനായി

Sathyadeepam

അമേരിക്കയിലെ ബോസ്റ്റണ്‍ മുന്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ബെര്‍ണാഡ് ലോ നിര്യാതനായി. 86 വയസ്സായിരുന്നു. അമേരിക്കയിലെ ഏറ്റവും ശക്തനായ സഭാനേതാവായിരുന്ന കാര്‍ഡിനല്‍ വൈദികരുടെ ലൈംഗികചൂഷണവിവാദങ്ങളെ തുടര്‍ന്ന് സ്ഥാനം ത്യജിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ്പെന്ന നിലയില്‍ ലോകനേതാക്കളുമായി അടുത്ത ബന്ധങ്ങളുണ്ടായിരുന്ന കാര്‍ഡിനല്‍ ലോ ദരിദ്രരാഷ്ട്രങ്ങളുടെ വിദേശകടബാദ്ധ്യത വികസിതരാജ്യങ്ങള്‍ ഇളച്ചു കൊടുക്കണമെന്നു വാദിക്കുകയും ദരിദ്രര്‍ക്കുവേണ്ടി ലോകവേദികളില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വലിയ ശ്രദ്ധാകേന്ദ്രമായി നില്‍ക്കെയാണ് ബോസ്റ്റണിലെ ലൈംഗികചൂഷണവിവാദം പൊട്ടിപുറപ്പെട്ടത്. ഏതാനും വൈദികരുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവു കിട്ടിയെങ്കിലും അതു സിവില്‍ അധികാരികളെ അറിയിക്കാതെ മറച്ചുവച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ സ്ഥലംമാറ്റമല്ലാതെയുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും കാര്‍ഡിനല്‍ ലോയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നു. 2002-ല്‍ അദ്ദേഹം രാജിവച്ചു. തുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ റോമിലെ സാന്താ മരിയ മജോറി ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായി നിയമിച്ചു. കാര്യമായ അധികാരമില്ലാത്ത ഈ പദവിയിലെ നിയമനം ഒരു ശിക്ഷാനടപടിയായിട്ടാണ് കരുതപ്പെടുന്നതെങ്കിലും ചില പ്രധാനപ്പെട്ട വത്തിക്കാന്‍ കാര്യാലയങ്ങളില്‍ അംഗമായി തുടര്‍ന്നിരുന്നു. ഇതും വിവാദവിഷയമായിരുന്നു.

Leave a Comment

*
*