സഭയില്‍ നിന്ന് അകലുന്ന യുവജനങ്ങളുടെ ശബ്ദവും കേള്‍ക്കണം: കര്‍ദി. മാര്‍ ആലഞ്ചേരി

സഭയില്‍ നിന്ന് അകലുന്ന യുവജനങ്ങളുടെ ശബ്ദവും കേള്‍ക്കണം: കര്‍ദി. മാര്‍ ആലഞ്ചേരി

സഭയുടെ യുവജനപ്രവര്‍ത്തന മേഖലകളില്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ പോരെന്നും സഭയില്‍നിന്ന് അകലുന്ന യുവജനങ്ങളുടെ ശബ്ദം കൂടി കേള്‍ക്കാനും അവരെക്കൂടി സഭയോടു ചേര്‍ത്തുനിര്‍ത്താനും കഴിയണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ യുവജന ഡയറക്ടേ ഴ്സിന്‍റെ സമ്മേളനം 'കര്‍മ്മ' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങളെക്കുറിച്ച് ആഗോള കത്തോലിക്കാ സഭ കാര്യമായി ചിന്തിക്കുന്ന അവസരമാണിത്. സീറോ മലബാര്‍ യുവജനങ്ങള്‍ക്ക് മിഷന്‍ ആഭിമുഖ്യം ഉണ്ടാകണം. ഓരോ രൂപതയിലും എല്ലാ വിഭാഗത്തിലുംപെട്ട യുവജനങ്ങളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങള്‍ നടത്തണം. വിവിധ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചും വിവിധ മതസമുദായങ്ങളെ പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണം. വിവിധ പാരമ്പര്യങ്ങളും സംസ്കാരങ്ങളും പങ്കുവയ്ക്കുന്ന കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ ഉണ്ടാകണം. സഭയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിക്കുന്ന വേദിയാകണം സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.

സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വിശാലമാകണമെന്ന് ബിഷപ് പറഞ്ഞു. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. 26 രൂപതകളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു. പ്രയോഗിക തലത്തില്‍ യുവജനശുശ്രൂഷകളെ ബലപ്പെടുത്താന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ രൂപതകളെ അഞ്ച് റീജിയണുകളായി തിരിക്കാനും എസ്.എം.വൈ.എം. പ്രവര്‍ത്തനങ്ങള്‍ അതിരൂപതാടിസ്ഥാ നത്തില്‍ ഏകോപിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ് ആലഞ്ചേരില്‍, ആനിമേറ്റര്‍ സി. അഖില, പ്രസിഡന്‍റ് അരുണ്‍ ഡേവിസ്, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോദ് റിച്ചാര്‍ഡ്സന്‍, ടെല്‍മ ജോബി തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org