കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടില്‍ അനുസ്മരണം

കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടില്‍ അനുസ്മരണം

കൊച്ചി: സഭയിലും സമൂഹത്തിലും എക്കാലവും പ്രസക്തമായ ദര്‍ശനധാരകളാണു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പങ്കുവച്ചതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മുന്‍ മെത്രാപ്പോലീത്തയും കേരളസഭയിലെ പ്രഥമ കര്‍ദിനാളുമായ മാര്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ മുപ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം സെന്‍റ്മേരീസ് ബസിലിക്കയില്‍ നടന്ന അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയുടെ സാംസ്കാരിക സാത്മീകരണവും സാംസ്കാരിക അനുരൂപണവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തില്‍ നിന്നു പാറേക്കാട്ടില്‍ പിതാവ് കണ്ടെത്തിയ പുതിയ ദര്‍ശനങ്ങളാണ്. ഇന്ന് സാംസ്കാരിക അനുരൂപണം ഏവരും അംഗീകരിക്കുന്ന ഒരു വിഷയമായിട്ടുണ്ട്. സാംസ്കാരിക അനുരൂപണങ്ങള്‍ പൊതുവായ ചര്‍ച്ചകളിലൂടെയും സഭാധികാരത്തിന്‍റെ അംഗീകാരത്തോടെയും നടപ്പിലാക്കാന്‍ ഇന്നു കത്തോലിക്കാ കൂട്ടായ്മയിലുള്ള എല്ലാ സഭകളും പരിശ്രമിക്കുന്നുണ്ട്. വൈദികരെയും അജഗണങ്ങളെയും എല്ലാ അര്‍ഥത്തിലും അനുയാത്ര ചെയ്ത കര്‍ദിനാള്‍ പാറേക്കാട്ടില്‍ രൂപപ്പെടുത്തിയ വിശാലമായ ഹൃദയബന്ധങ്ങള്‍ മാതൃകയാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലിന്‍റെ വ്യക്തിത്വം, വീക്ഷണങ്ങള്‍, സംഭാവനകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മോഡറേറ്ററായിരുന്നു. ബിഷപ് മാര്‍ തോമസ് ചക്യത്ത്, റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജോസ് കുറിയേടത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അതിരൂപത പ്രോ വികാരി ജനറാള്‍മാരായ മോണ്‍. റവ. ഡോ. ആന്‍റണി നരികുളം, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.
റവ. ഡോ. ആന്‍റണി നരികുളം എഡിറ്റു ചെയ്ത കര്‍ദിനാള്‍ പാറേക്കാട്ടിലിന്‍റെ ആത്മകഥ (കര്‍ദിനാള്‍ പാറേക്കാട്ടിലിന്‍റെ ജീവിതസ്മൃതി)യുടെ പ്രകാശനം മേജര്‍ ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു. തോമസ് പാറേക്കാട്ടില്‍ ഗ്രന്ഥത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി. ബസിലിക്കയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org