കൂദാശയെ കുറിച്ചുള്ള വ്യക്തത വിവാഹപരിശീലന പരിപാടികളില്‍ നല്‍കണം -കാര്‍ഡിനല്‍ നിക്കോള്‍സ്

കൂദാശയെ കുറിച്ചുള്ള വ്യക്തത വിവാഹപരിശീലന പരിപാടികളില്‍ നല്‍കണം -കാര്‍ഡിനല്‍ നിക്കോള്‍സ്

വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹമെന്ന കൂദാശയെ കുറിച്ചുള്ള വ്യക്തമായ ദര്‍ശനം പകര്‍ന്നു നല്‍കാന്‍ വിവാഹത്തിനൊരുക്കമായുള്ള പരിശീലന പരിപാടികള്‍ക്കു സാധിക്കണമെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ വിന്‍സെന്‍റ് നിക്കോള്‍സ് ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. വിവാഹം ദൈവസ്നേഹത്തിലാണു വേരൂന്നിയിരിക്കുന്നത്. ദൈവസ്നേഹത്തിന്‍റെ ഫലദായകത്വത്തിന്‍റേയും വിശ്വസ്തതയുടേയും പ്രകാശനമായിരിക്കണം വിവാഹം – കാര്‍ഡിനല്‍ വ്യക്തമാക്കി.

ക്രിസ്തുവിനു തന്‍റെ സഭയോടുള്ള സ്നേഹവുമായി ഇഴപിരിഞ്ഞു കിടക്കുകയാണ് കൗദാശികവിവാഹമെന്ന് കാര്‍ഡിനല്‍ പറഞ്ഞു. ത്യാഗവും ക്ഷമയും സൗഖ്യവും അതുള്‍ക്കൊള്ളുന്നു. വിവാഹജീവിതത്തിന്‍റെ ആരംഭബിന്ദുവില്‍ നില്‍ക്കുന്നവരോടു നമുക്കു പങ്കുവയ്ക്കാനുള്ളതെല്ലാം അടങ്ങുന്ന സമ്പുഷ്ടമായ ദര്‍ശനമാണ് സഭയുടെ പ്രബോധനം. വിവാഹത്തെ വ്യവസായമായി കാണുന്ന മതേതര കാഴ്ചപ്പാടിന്‍റെ കാലത്ത്, വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നവര്‍ക്ക് സഭയുടെ ദര്‍ശനം നല്‍കാന്‍ ഇടവകകള്‍ക്കു കഴിയണം. എല്ലാ വിവാഹ പരിശീലനങ്ങളും വിശുദ്ധിയിലേയ്ക്കുള്ള ദൈവവിളിയില്‍ ഊന്നുന്നതാകണം. കുടുംബജീവിതത്തിന്‍റെ സാധാരണ കര്‍മ്മങ്ങളിലൂടെയും വിശുദ്ധിയിലേയ്ക്കു വളരാന്‍ കഴിയും. കത്തോലിക്കാ പ്രബോധനമനുസരിച്ചുള്ള ഈ വിശാലമായ വിവാഹദര്‍ശനമാണ് നമ്മുടെ വിവാഹ പരിശീലനങ്ങളെയെല്ലാം രൂപപ്പെടുത്തുന്നത്-കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org