കാര്‍ഡിനല്‍ ഒക്കോണര്‍ നിര്യാതനായി

കാര്‍ഡിനല്‍ ഒക്കോണര്‍ നിര്യാതനായി

ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ മേധാവിയും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ചുബിഷപ്പുമായിരുന്ന കാര്‍ഡിനല്‍ കോര്‍മക് മര്‍ഫി ഒക്കോണര്‍ നിര്യാതനായി. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കാര്‍ഡിനല്‍മാരുടെ കോണ്‍ക്ലേവില്‍ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ് അദ്ദേഹമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2001 ല്‍ ഇരുവരും ഒന്നിച്ചാണ് കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. അന്നു മുതല്‍ പരസ്പരം അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഇരുവരും റോമിലെ സമ്മേളനങ്ങളില്‍ എന്നും അടുത്തടുത്ത കസേരകളിലിരിക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജന്‍റീനയില്‍ നിന്നുള്ള കാര്‍ഡിനലായ ബെര്‍ഗോളിയോയുടെ അജപാലനപാടവവും പാവങ്ങളോടുള്ള പരിഗണനയും മനസ്സിലാക്കിയ കാര്‍ഡിനല്‍ ഒക്കോണര്‍, അദ്ദേഹം മാര്‍പാപ്പ പദവിയിലേയ്ക്കു വരുന്നതു ആഗോള സഭയ്ക്ക് പ്രയോജനകരമാകുമെന്നു മനസ്സിലാക്കുകയും അക്കാര്യം കോണ്‍ക്ലേവിനെത്തിയ കാര്‍ഡിനല്‍മാരെ അറിയിക്കുകയും ചെയ്തു. 80 വയസ്സു കഴിഞ്ഞിരുന്നതിനാല്‍ കോണ്‍ക്ലേവില്‍ വോട്ടവകാശമില്ലെങ്കിലും അതിനു മുമ്പ് കാര്‍ഡിനല്‍മാര്‍ക്കിടയില്‍ സജീവമായ ആശയപ്രചാരണത്തിന് അദ്ദേഹം മുന്നില്‍ നിന്നിരുന്നു. റോമില്‍ പഠിക്കുകയും പഠിപ്പിക്കുകയും കാര്യാലയങ്ങളുടെ ഉത്തരവാദിത്വം വഹിക്കുകയും ചെയ്തതു വഴി റോമില്‍ സ്വാധീനം പുലര്‍ത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org