പൂര്‍ണമായി ഭാരതീയരും ക്രൈസ്തവരുമാകുക – കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

പൂര്‍ണമായി ഭാരതീയരും ക്രൈസ്തവരുമാകുക – കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

സഭാവിശ്വാസികളെ പൂര്‍ണമായും ഭാരതീയരും പൂര്‍ണമായി ക്രൈസ്തവരുമാക്കാന്‍ സജ്ജരാക്കണമെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്തു. ചില കേന്ദ്രങ്ങള്‍ ക്രൈസ്തവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന പരിതസ്ഥിതിയില്‍ വിശ്വാസികളെ പരിപൂര്‍ണരായി ഭാരതീയരും ക്രൈസ്തവരുമാക്കാന്‍ പരിശ്രമിക്കണമെന്ന് ഭാരത ലത്തീന്‍ മെത്രാന്‍സമിതിയുടെ (സിസിബിഐ) അധ്യക്ഷനായ കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. കാത്തലിക് ബിഷപ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സമ്മേളനത്തോടനുബന്ധിച്ച് ബാംഗ്ലൂരില്‍ ചേര്‍ന്ന ലത്തീന്‍ മെത്രാന്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.

കത്തോലിക്കാ സഭയ്ക്ക് രാജ്യത്തെ ആവശ്യമുണ്ട്. അതുപോലെ ഭാരതത്തിനു സഭയെയും ആവശ്യമുണ്ട്. ഭാരത ക്രൈസ്തവരെന്ന വിധത്തില്‍ നമ്മുടെ പങ്കാളിത്തം നാം ചര്‍ച്ച ചെയ്യണം. നല്ല ഭാരത ക്രൈസ്തവരായി ജീവിക്കാനുള്ള ആഹ്വാനം വിശ്വാസികള്‍ക്കു നല്‍കുകയും വേണം — കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. ഈയടുത്ത് ക്രൈസ്തവ സ്ഥാപനങ്ങളില്‍ ചില ഹിന്ദു ഗ്രൂപ്പുകള്‍ നിര്‍ബന്ധപൂര്‍വം സംഘടിപ്പിക്കാന്‍ ശ്രമിച്ച ഹൈന്ദവ ആചാരങ്ങളെക്കുറിച്ചു കര്‍ദിനാള്‍ പ്രതിപാദിച്ചു. മധ്യ ഭാരതത്തില്‍ അതു ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചു. പൊലീസിന്‍റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അവ തടയാനായി. എന്നാല്‍ ക്രൈസ്തവര്‍ നിയമ ലംഘകരും ഹൈന്ദവ സംസ്കാരത്തെ എതിര്‍ക്കുന്നവരുമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നുവെന്ന് നാം തിരിച്ചറിയണം — കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിപ്പിച്ചു. സുവിശേഷ മൂല്യങ്ങള്‍ സമൂഹത്തില്‍ പരത്തുകയാണു നമ്മുടെ ഉത്തരവാദിത്വം. അഴിമതി ഇല്ലാതാക്കുക, സത്യം, നീതി, നിസ്വാര്‍ത്ഥത തുടങ്ങിയ മൂല്യങ്ങള്‍ പരത്തുക, ദളിതര്‍ക്കും ആ ദിവാസികള്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെതിരായ ചൂഷണങ്ങള്‍ തടയുക തുടങ്ങിയവ നമ്മുടെ ലക്ഷ്യമാണ്. ഇടയന്മാര്‍ ആടിന്‍റെ മണമുള്ളവരാകണം; അതേസമയം അവര്‍ ദൈവത്തിന്‍റെ സുഗന്ധവും പേറണം — കര്‍ദിനാള്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org