സൗദി സന്ദര്‍ശനത്തെക്കുറിച്ച് കാര്‍ഡിനല്‍ റായി മാര്‍പാപ്പയ്ക്കു റിപ്പോര്‍ട്ട് നല്‍കി

സൗദി സന്ദര്‍ശനത്തെക്കുറിച്ച് കാര്‍ഡിനല്‍ റായി മാര്‍പാപ്പയ്ക്കു റിപ്പോര്‍ട്ട് നല്‍കി

സൗദി അറേബ്യയിലേയ്ക്കു നടത്തിയ ചരിത്രപ്രധാനമായ സന്ദര്‍ശനത്തെക്കുറിച്ച് കാര്‍ഡിനല്‍ ബെച്ചാരാ ബുട്രോസ് റായി, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു റിപ്പോര്‍ട്ട് നല്‍കി. മുസ്ലീം രാജ്യമായ സൗദിയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെടുന്ന ആദ്യത്തെ കാര്‍ഡിനലാണ് മാരൊണൈറ്റ് കത്തോലിക്കാസഭയുടെ തലവനായ കാര്‍ഡിനല്‍ റായി. കാര്‍ഡിനലിന്‍റെ സന്ദര്‍ശനം നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നെങ്കിലും സൗദി ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ പുതിയ നടപടികളെ തുടര്‍ന്ന് അതിനു വലിയ പ്രാധാന്യം കൈവന്നിരുന്നു. മുസ്ലീം മിതവാദത്തിലേയ്ക്കു മാറുകയാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി സൗദിയുടെ ഉന്നത നേതൃത്വത്തിലുണ്ടായിരുന്ന നിരവധി പേരെ പുറത്താക്കുകയും ചെയ്തിരുന്നു.

കാര്‍ഡിനല്‍ റായ് സൗദി രാജാവിനെയും രാജകുമാരനെയും സന്ദര്‍ശിച്ചു സംഭാഷണങ്ങള്‍ നടത്തി. സൗദിയിലുണ്ടായിരുന്ന ലെബനോന്‍ മുന്‍ പ്രധാനമന്ത്രി സയിദ് ഹരീരിയെയും കാര്‍ഡിനല്‍ കണ്ടു. ലെബനോനാണ് കാര്‍ഡിനല്‍ റായിയുടെ രാജ്യം. ലെബനോനിലെ പ്രശ്നങ്ങളുടെ പശ്ചാത്തലവും സന്ദര്‍ശനത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. സംഭാഷണങ്ങളെല്ലാം സ്വകാര്യവും ഹ്രസ്വവുമായിരുന്നു. മതാന്തരസംഭാഷണത്തോടു വലിയ തുറവാണ് സൗദി രാജകുടുംബം പ്രദര്‍ശിപ്പിച്ചതെന്നു കാര്‍ഡിനല്‍ പിന്നീടു പറഞ്ഞു.

മുസ്ലീങ്ങളുടെ പുണ്യസ്ഥലങ്ങളായ മക്കയും മദീനയും സ്ഥിതി ചെയ്യുന്ന രാജ്യമായ സൗദിയില്‍ ഇതരമതങ്ങളുടെ ആരാധനാലയങ്ങള്‍ അനുവദനീയമല്ല. വിദേശരാജ്യങ്ങളുടെ എംബസികളില്‍ പോലും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതു രഹസ്യമായാണ്. എന്നാല്‍ കാലം മാറിയെന്നും ഇന്ന് ഇസ്ലാം ലോകമെങ്ങും വ്യാപിച്ചിരിക്കുന്നതിനാല്‍ സൗദിയും മറ്റു മത-സംസ്കാരങ്ങള്‍ക്കായി വാതില്‍ തുറക്കണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞതായി കാര്‍ഡിനല്‍ വെളിപ്പെടുത്തി. സൗദിയിലേയ്ക്ക് ഒരു കാര്‍ഡിനല്‍ ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടതു തന്നെ കാര്യങ്ങള്‍ മാറി വരുന്നതിനു സൂചനയായി കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org