പരിഭാഷ വത്തിക്കാന്‍ അടിച്ചേല്‍പിക്കേണ്ടതില്ല: കാര്‍ഡിനല്‍ സാറായ്ക്കു മാര്‍പാപ്പയുടെ തിരുത്ത്

പരിഭാഷ വത്തിക്കാന്‍ അടിച്ചേല്‍പിക്കേണ്ടതില്ല: കാര്‍ഡിനല്‍ സാറായ്ക്കു മാര്‍പാപ്പയുടെ തിരുത്ത്

സഭയുടെ ഔദ്യോഗിക ആരാധനക്രമം മൗലികഭാഷയായ ലത്തീനില്‍ നിന്നു പ്രാദേശിക ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുവാന്‍ ദേശീയ മെത്രാന്‍ സംഘങ്ങള്‍ക്കു തന്നെയാണ് ഉത്തരവാദിത്വമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. മെത്രാന്‍ സംഘങ്ങള്‍ നടത്തുന്ന പരിഭാഷ വാക്കോടു വാക്കു പരിശോധിച്ച് വിധിയെഴുതാന്‍ വത്തിക്കാന്‍ ഇനി ഉദ്ദേശിക്കുന്നില്ലെന്ന് വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറായ്ക്ക് അയച്ച കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി. പരിഭാഷയ്ക്കുള്ള അധികാരം പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ക്കു നല്‍കി മാര്‍പാപ്പ നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

ഔദ്യോഗിക ആരാധനക്രമത്തിന്‍റെ പരിഭാഷയില്‍ അന്തിമ തീര്‍പ്പു കല്‍പിക്കാനുള്ള അധികാരം വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയത്തിനാണ് മുമ്പുണ്ടായിരുന്നത്. ഈ അധികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന അര്‍ത്ഥത്തില്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ സാറാ എഴുതിയ ലേഖനം ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തില്‍ വന്നു. അതു പിന്നീട് നിരവധി ഇറ്റാലിയന്‍ വെബ് സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. പ്രാദേശിക മെത്രാന്‍ സംഘങ്ങളുടെ പരിഭാഷ ലാറ്റിന്‍ മൂലപാഠങ്ങളോടു ശരിയായ വിധത്തില്‍ ചേര്‍ന്നു നില്‍ക്കുന്നില്ലെങ്കില്‍ പുതിയ പരിഭാഷ തയ്യാറാക്കി നല്‍കാനുള്ള അധികാരം തന്‍റെ കാര്യാലയത്തിനുണ്ടെന്നാണ് കാര്‍ഡിനല്‍ അതില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ കാര്‍ഡിനലിന് ഒരു പരസ്യമായ തിരുത്ത് എന്ന നിലയിലാണ് മാര്‍പാപ്പയുടെ കത്ത്. കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ക്കു നല്‍കുകയും ചെയ്തു. മാത്രമല്ല, കാര്‍ഡിനലിന്‍റെ ലേഖനം വന്ന ഫ്രഞ്ച് പ്രസിദ്ധീകരണത്തിലും മറ്റു വെബ്സൈറ്റുകളിലും ഇതു പ്രസിദ്ധീകരിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ആരാധനക്രമ പരിഭാഷ സംബന്ധിച്ച് നിലവിലുണ്ടായിരുന്നത് 2001-ലെ കാര്‍ഡിനല്‍ സംഘത്തിന്‍റെ ഒരു മാര്‍ഗനിര്‍ദേശമാണ്. അതിലെ പരിഭാഷാ വ്യവസ്ഥകള്‍ കര്‍ക്കശമായിരുന്നു. ആ രേഖയിലെ ഏതാനും ഖണ്ഡികകള്‍ പുനഃപരിശോധിച്ചുകൊണ്ടു തന്നെയാണ് പുതിയ ഉത്തരവു താന്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര്‍ 1 ന് ഈ ഉത്തരവു പ്രാബല്യത്തിലായെന്നും അതു മുതല്‍ ആരാധനക്രമ പരിഭാഷയുടെ ഉത്തരവാദിതത്തിലേറെയും പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ക്കു കൈമാറിക്കഴിഞ്ഞെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. "ആരാധനക്രമ പരിഭാഷകള്‍ 'ത്രിവിശ്വസ്തത' പുലര്‍ത്തണം: ലാറ്റിന്‍ മൂലപാഠത്തോട്, പരിഭാഷ ചെയ്യുന്ന ഭാഷയോട്, ആ പരിഭാഷ ഉപയോഗിക്കുന്നവരുടെ ഗ്രാഹ്യശേഷിയോട്," മാര്‍പാപ്പ കത്തില്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org