സഭകളുടെ കൂട്ടായ്മയിലൂടെ സമൂഹത്തിനു സാക്ഷ്യം പകരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സഭകളുടെ കൂട്ടായ്മയിലൂടെ സമൂഹത്തിനു സാക്ഷ്യം പകരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു സാക്ഷ്യം പകരാന്‍ സാധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭൈക്യവാരാചരണത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപത എക്യുമെനിക്കല്‍ ആന്‍ഡ് ഇന്‍റര്‍ റിലീജിയസ് ഡയലോഗിന്‍റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടന്ന സഭൈക്യസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ആധുനിക കാലഘട്ടത്തില്‍ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും മാതൃകയാവാനും ക്രൈസ്തവ സഭകള്‍ക്കു കഴിയണം. ക്രിസ്തുവിലുള്ള പ്രത്യാശയില്‍ വിശ്വാസിസമൂഹത്തെ ഏകോപിപ്പിക്കാനും അതിലൂടെ സഭകളുടെയും രാജ്യത്തിന്‍റെയും ഐക്യം ഊട്ടിയുറപ്പിക്കാനും നിരന്തരമായ പരിശ്രമങ്ങളുണ്ടാകണം. ഈ സന്ദേശവുമായി സഭൈക്യവാരത്തില്‍ ലോകമെങ്ങും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാലഘട്ടത്തിനു വലിയ പ്രചോദനമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

കല്‍ദായ സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം, ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ത്തോമസഭ മെത്രാപ്പോലീത്ത ജോസഫ് മാര്‍ തോമസ്, പാലാരിവട്ടം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജെയിംസ് വര്‍ഗീസ് എന്നിവര്‍ സഭൈക്യസംഗമത്തില്‍ സന്ദേശം നല്‍കി.

സഭൈക്യ വാരാചരണത്തിന്‍റെയും പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയുടെ സുവര്‍ണ ജൂബിലിയുടെയും പശ്ചാത്തലത്തില്‍ നടന്ന സഭൈക്യ സംഗമത്തിനു പാലാരിവട്ടം പള്ളി വികാരി റവ. ഡോ. ജോര്‍ജ് നെല്ലിശേരി, അതിരൂപത എക്യുമെനിക്കല്‍ ആന്‍ഡ് ഇന്‍റര്‍ റിലീജിയസ് ഡയലോഗ് ഡയറക്ടര്‍ റവ. ഡോ. സക്കറിയാസ് പറനിലം, അസിസ്റ്റന്‍റ് ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org