ന്യൂനപക്ഷാവകാശങ്ങള്‍ അലക്ഷ്യമായി പരിഗണിക്കേണ്ടതല്ല: കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ന്യൂനപക്ഷാവകാശങ്ങള്‍ അലക്ഷ്യമായി പരിഗണിക്കേണ്ടതല്ല: കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ന്യൂനപക്ഷാവകാശങ്ങള്‍ ഇതുവരെ വലിയ പ്രതിസന്ധിയിലായിരുന്നില്ലെങ്കിലും സമീപകാല സംഭവവികാസങ്ങള്‍ അതേക്കുറിച്ച് ഗൗരവതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദി. ഓസ്വാള്‍ ഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ ക്കിടയില്‍ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കാനോ എടുത്തുകളയാനോ പരിഗണിക്കാതിരിക്കാനോ ഉള്ളതല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. തമിഴ്നാട്ടിലെ മധുരയില്‍ നടന്ന കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ ഗ്രേഷ്യസ്.

ഭാരതത്തിന്‍റെ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നുണ്ട്. രാഷ്ട്രത്തിന്‍റെ സമ്പന്നത അതിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിലാണ്. ആ സമ്പന്നത നഷ്ടപ്പെടാതിരിക്കുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ് – കര്‍ദിനാള്‍ പറഞ്ഞു. രാഷ്ട്രനിര്‍മ്മിതിയില്‍ ന്യൂനപക്ഷങ്ങളുടെ സ്വാഭാവിക സംഭാവനകള്‍ ധാരാളമുണ്ട്. അത് അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ കൊണ്ടും നയങ്ങള്‍ കൊണ്ടും മാത്രം സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്താനാവില്ലെന്ന് കാനന്‍ ലോ സൊസൈറ്റി അംഗങ്ങളെ കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു. സഭയില്‍ വിവേചനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. സഭയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്താനും അതിലെ ഗുണഫലങ്ങള്‍ പരമാവധി ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളും ഉണ്ടാകണം.

ഭാരതത്തിലെ 200 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനത്തില്‍ മധുര ആര്‍ച്ച്ബിഷപ് ഡോ. ആന്‍റണി പപ്പുസാമി, കാനന്‍ ലോ സൊസൈറ്റി പ്രസിഡന്‍റ് രായപ്പ, സെക്രട്ടറി ജോണ്‍ മെന്‍ഡോന്‍ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org