വിശക്കുന്നവര്‍ക്ക് ആഹാരം നിറച്ച ഫ്രിഡ്ജുമായി ഒരു കത്തീദ്രല്‍

വിശക്കുന്നവര്‍ക്ക് ആഹാരം നിറച്ച ഫ്രിഡ്ജുമായി ഒരു കത്തീദ്രല്‍

നിങ്ങള്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ വിഷമിക്കുന്നവനാണോ? മുംബൈ കൊളാബയിലെ ഹോളി നെയിം കത്തീദ്രലിലേക്കു ചെന്നാല്‍ പാകപ്പെടുത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ഫ്രിഡ്ജ് കാണാം. ആവശ്യാനുസരണം ഫ്രിഡ്ജില്‍ നിന്നു ഭക്ഷണമെടുത്തു കഴിക്കാം. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ അഭീഷ്ടപ്രകാരമാണ് കത്തീദ്രല്‍ ദേവാലയത്തില്‍ വിശക്കു ന്നവര്‍ക്കായി ഭക്ഷണം കരുതി വയ്ക്കുന്ന ഫ്രിഡ്ജ് രൂപപ്പെടുത്തിയത്. സമീപപ്രദേശങ്ങളിലെ ദരിദ്രരും ഭക്ഷണം തേടി അലയുന്ന യാത്രക്കാരും വിശന്നു വലയരുതെന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാന്‍ കര്‍ദിനാളിനെ പ്രേരിപ്പിച്ചതെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. ഭക്ഷണം പാഴാക്കി കളയുന്നവര്‍ക്ക് ഫ്രിഡ്ജില്‍ അതു നിക്ഷേപിക്കാം. ഭക്ഷണം നല്‍കാനാഗ്രഹിക്കുന്നവര്‍ക്കും ഫ്രിഡ്ജില്‍ അതു കൊണ്ടുവയ്ക്കാം. കത്തീദ്രല്‍ പാരിഷ് കൗണ്‍സില്‍ നല്‍കിയ 70000 രൂപ കൊണ്ടാണ് ഫ്രിഡ്ജ് സ്ഥാപിച്ചതെന്നും ഫാ. ബാരെറ്റ് പറഞ്ഞു. ഇടവകക്കാര്‍ക്കു പുറമെ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ളവര്‍ ചോറും പരിപ്പും കറികളും നല്‍കുന്നുണ്ട്. രണ്ടു ഡോറുകളുള്ള ഫ്രിഡ്ജില്‍ സസ്യാഹാരവും മാംസാഹാരവും വേര്‍തിരിച്ചാണു വച്ചിരിക്കുന്നത്. ഭക്ഷണം സംഭാവന ചെയ്യുന്നവര്‍ക്ക് ഭക്ഷണ പൊതിയുടെ പുറത്ത് അതു പായ്ക്ക് ചെയ്ത തീയതി രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിട്ടുള്ളതായും ഫാ. നിഗല്‍ വിശദീകരിച്ചു. ഭക്ഷണവിതരണ ഫ്രിഡ്ജിന്‍റെ ഉദ്ഘാടനം കര്‍ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org