കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷകരുടെ മുഖവും ശബ്ദവുമാകണം -കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കാര്‍ഷിക മേഖല ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സഭയുടെ അല്മായ പ്രസ്ഥാനമായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക സമൂഹത്തിന്‍റെ യഥാര്‍ത്ഥ മുഖവും ശബ്ദവുമാകണമെന്ന് സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സമൂഹത്തിന്‍റെ നവോത്ഥാനത്തിനു നേതൃത്വം നല്‍കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി ഉണരേണ്ട സാഹചര്യമാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മറ്റിയും കര്‍ഷക പ്രതിനിധികളും സംയുക്തമായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടത്തിയ കാര്‍ഷികം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി.

കര്‍ഷകരുടെ കണ്ണീരു കാണാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും വന്യമൃഗശല്യവും കൃഷിനാശവും കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കര്‍ഷകര്‍ക്കായി സുമനസ്സുകള്‍ ഒന്നിക്കണം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് മുന്നേറേണ്ടത് സമുദായ പുരോഗതി കൈവരിക്കാന്‍ അനിവാര്യമാണ് – മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് ബിജു പറയന്നിലം സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു.

സര്‍ക്കാരുകളുടെ മുമ്പിലുള്ള കര്‍ഷകരുടെ കരച്ചിലുകള്‍ക്ക് ഫലം ലഭിക്കാത്തതിനാല്‍ സ്വയം പര്യാപ്തരാകുന്നതിനുള്ള പുതിയ പദ്ധതികളുമായി കര്‍ഷകര്‍ മുന്നേറണമെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച ബിഷപ് ഡെലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, മോഹന്‍ ഐസക്, തോമസ് പീടികയില്‍, ബെന്നി ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org