കത്തോലിക്കാ കോണ്‍ഗ്രസ് പ്രൊജക്ട് പ്രമോട്ടേഴ്സ് കൗണ്‍സില്‍ കോണ്‍ക്ലേവ്

കത്തോലിക്കാ കോണ്‍ഗ്രസ് പ്രൊജക്ട് പ്രമോട്ടേഴ്സ് കൗണ്‍സില്‍ കോണ്‍ക്ലേവ്

കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ മനസ്സിലാക്കാനോ ആവശ്യങ്ങള്‍ അറിയാനോ പരിഹാരം കാണാനോ ഉത്തരവാദിത്തത്വപ്പെട്ടവര്‍ക്കു സാധിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നു സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രൊജക്ട് പ്രമോട്ടേഴ്സ് കൗണ്‍സിലിന്‍റെ പ്രഥമ കോണ്‍ക്ലേവ് എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്ക് എന്തുകൊണ്ട് പരിഗണനയും നീതിയും ലഭിക്കുന്നില്ല എന്ന ചോദ്യത്തിനു കര്‍ഷകര്‍ ഉത്തരം കണ്ടെത്തണം. സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദശക്തിയാകാന്‍ കര്‍ഷകര്‍ക്കു സാധിക്കണം. ആധുനിക ലോകത്തിലെ സാധ്യതകള്‍ മനസ്സിലാക്കി കാര്‍ഷിക മേഖലയില്‍ നൂതന കൃഷി രീതികള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങണം. കൂട്ടായ പരിശ്രമത്തിലൂടെ കര്‍ഷകരെ ഉയര്‍ന്ന നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രൊജക്ട് പ്രമോട്ടേഴ്സ് കൗണ്‍സിലിന് ഉയര്‍ന്ന സാങ്കേതിക വിദ്യകളും രാജ്യാന്തര മാര്‍ക്കറ്റിംഗ് സാധ്യതകളും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നു കോണ്‍ക്ലേവ് വിലയിരുത്തി. ചെറുകിട കര്‍ഷകരുടെ ആത്മവിശ്വാസവും സാമ്പത്തിക ഭദ്രതയും വര്‍ധിപ്പിക്കാനും പ്രമോട്ടേഴ്സ് കൗണ്‍സിലിലൂടെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ലക്ഷ്യമിടുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സെക്രട്ടറി ബെന്നി പുളിയ്ക്കകര, ജോയി അറയ്ക്കല്‍, പോള്‍ തോമസ്, ടി.ജെ. വിത്സണ്‍, പി.പി. സണ്ണി, ഡേവിസ് എടക്കളത്തൂര്‍, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍ തുടങ്ങിയവര്‍ വിവിധ പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. കോണ്‍ക്ലേവില്‍ പങ്കെടുത്ത പ്രതിനിധികള്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. സമുദായത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org