തുടര്‍ച്ചയായി ഉണ്ടാകുന്ന പൊലീസ് അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണം – കേരള കാത്തലിക് ഫെഡറേഷന്‍

സമീപകാലങ്ങളില്‍ കേരള പോലീസിന്‍റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൃത്യനിര്‍വഹണത്തിലെ അപാകതകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 32 രൂപതകളിലായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഡയറക്ടര്‍മാരുടെ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന് വിലകുറഞ്ഞിട്ടും കഴിഞ്ഞ നിരവധി മാസങ്ങളായി പെട്രോളിനും ഡിസലിനും വിലവര്‍ധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാകുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ യോഗം അപലപിച്ചു. പെട്രോളിയം ഉല്പന്നങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന ഭാരിച്ച നികുതിയില്‍ ഇളവുവരുത്തിയും ജി.എസ്.റ്റി.യില്‍ ഉള്‍പ്പെടുത്തിയും വിലക്കയറ്റം നിയന്ത്രിക്കണമെന്നും നിപ്പ പകര്‍ച്ചപ്പനി ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്കണമെന്നും പ്രതിരോധ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതപ്പെടുത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം പോലുള്ള തീരദേശത്ത് ഉചിതമായ പരിഹാരം തദ്ദേശവാസികളുമായി ആലോചിച്ച് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജോസഫിന്‍റെ അധ്യക്ഷതയില്‍ കൂടിയയോഗം കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. ഫാ. ജിയോ കടവി, ഫാ. ജോണ്‍ അരീക്കല്‍. ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍. അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ബാബു കല്ലിങ്കല്‍, ഡേവിസ് തുളുവത്ത്, മേരി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org