വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍നിന്ന് ഭരണഘടനാസ്ഥാപനങ്ങള്‍ പിന്തിരിയണം – കാത്തലിക് ഫെഡറേഷന്‍

വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍നിന്ന് ഭരണഘടനാസ്ഥാപനങ്ങള്‍ പിന്തിരിയണം – കാത്തലിക് ഫെഡറേഷന്‍

ഭാരതത്തിലെ വിവിധ മതസമൂഹങ്ങള്‍ നൂറ്റാണ്ടുകളായി പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന വിവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കടന്നു കയറി ആചാര-വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കുവാനും, ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുവാനും, കഴിഞ്ഞ കുറച്ചുനാളുകളായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും, കേന്ദ്ര വനിത കമ്മീഷനും മറ്റു ക മ്മീഷനുകളും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും, വിവിധ ഭരണഘടനാസ്ഥാപനങ്ങളും ശ്രമിച്ച് വരുന്നതായി കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) വിലയിരുത്തി. വിവിധ മതസമൂഹങ്ങളുടെ ആചാര- അനുഷ്ഠാന-വിശ്വാസങ്ങളില്‍ കടന്നുകയറി ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്നും വിവിധ ഭരണഘടനാസ്ഥാപനങ്ങള്‍ പിന്തിരിയണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന കെസിഎഫ് സംസ്ഥാന ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.

2000 വര്‍ഷം പാരമ്പര്യമുള്ള കുമ്പസാരം ക്രൈസ്തവരുടെ ധര്‍മ്മവും അവകാശവും അനുഷ്ഠാനവുമാണ്. അതു നിരോധിക്കണമെന്നോ, സ്ത്രീകള്‍ കുമ്പസാരിക്കരുതെന്നോ പറയുവാന്‍ ഒരു ഭരണഘടനാ സ്ഥാപനത്തിനോ, സര്‍ക്കാരിനോ അവകാശമില്ല. കുമ്പസാരത്തെ അവഹേളിച്ചും, വനിതകള്‍ കുമ്പസാരിക്കരുത് എന്ന് പറഞ്ഞും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ പരസ്യമായി മാപ്പ് പറഞ്ഞ് ആഗസ്റ്റ് മാസത്തെ വിജ്ഞാനകൈരളി പിന്‍വലിക്കണമെന്ന് കെസിഎഫ് ആവശ്യപ്പെട്ടു. ഏത് മതസമൂഹമായാലും, ആ മതത്തിന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിറുത്തലാക്കുവാനും തടയുവാനും സര്‍ക്കാരും ഭരണഘടനാ സ്ഥാപനങ്ങളും തയ്യാറാകരുത്. സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജോസഫിന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഷാജി ജോര്‍ജ്, മേരി കുര്യന്‍, രാജു ഈരശ്ശേരില്‍, പി.ജെ. പാപ്പച്ചന്‍, എജി പറപ്പാട്ട്, ഹെര്‍മന്‍ അലോഷ്യസ്, ബാബു കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org