കത്തോലിക്കാ ചരിത്രകാരന്മാര്‍ രാജ്യനിര്‍മ്മിതിയില്‍ മിഷനറികളുടെ പങ്കിനെക്കുറിച്ചു ചര്‍ച്ച ചെയ്യും

അസോസിയേഷന്‍ ഓഫ് കാത്തലിക് ഹിസ്റ്റോറിയന്‍സ് ഇന്ത്യ (എസിഎച്ച്ഐ) അടുത്ത ജൂണില്‍ നടത്തുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഭാരതത്തിന്‍റെ നിര്‍മ്മിതിയില്‍ മിഷനറികള്‍ക്കുള്ള പങ്കിനെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ഫാ. രായപ്പന്‍ യേശുരാജ് എസ് ജെ പറഞ്ഞു.

ആര്‍എസ്എസും ബിജെപിയും അവരുടെ രഹസ്യ അജണ്ടയുടെ ഭാഗമായി ഭാരതത്തില്‍ ക്രൈസ്തവ മിഷനറികള്‍ നല്‍കിയ സംഭാവനകളെയും സേവനങ്ങളെയും തമസ്കരിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വര്‍ഷങ്ങളായി സഭ നേരിടുന്ന പ്രശ്നമാണ്. മിഷനറികളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ഭാരതത്തിലെ മിഷനറികളുടെ സേവനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഫാ. രായപ്പന്‍ യേശുരാജ് വിശദീകരിച്ചു.

ഭാരതത്തിന്‍റെ ഭാഷയ്ക്കും സംസ്ക്കാരത്തിനും വേണ്ടി ക്രൈസ്തവ മിഷനറികള്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടില്ലെന്നും ഒരുപക്ഷേ അവ നശിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നുള്ള വികാരം ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ സഭയിലെ മിഷനറികളുടെ സംഭാവനകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഫാ. രായപ്പന്‍ വ്യക്തമാക്കി. വാര്‍ഷിക സമ്മേളനത്തില്‍ വിഷയ സംബന്ധിയായ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും പൂന പേപ്പല്‍ സെമിനാരിയിലടക്കം ഭാരതത്തിലെ വിവിധ മേജര്‍ സെമിനാരികളില്‍ സഭാചരിത്രം പഠിപ്പിക്കുന്ന അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org