ഞായറാഴ്ചകളിലെ അധ്യാപക-വിദ്യാര്‍ത്ഥി പരിശീലനങ്ങള്‍ ഒഴിവാക്കണം -കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്‍റെ ഐടി അറ്റ് സ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഞായറാഴ്ച പരിശീലന പരിപാടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ നടപ്പിലാക്കുന്ന ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ഉപജില്ല പരിശീലനക്യാമ്പുകള്‍ സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍), ഒക്ടോബര്‍ 6, 7 (ശനി, ഞായര്‍) തിയതികളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം മുന്നൂറില്‍പരം കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.

ഞായറാഴ്ചകള്‍ പോലുള്ള പൊതു അവധി ദിനങ്ങളില്‍ അധ്യാപക വിദ്യാര്‍ത്ഥി പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചകളില്‍ ആരാധനയിലും മതപഠന ക്ലാസുകളിലും പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഞായറാഴ്ചകളില്‍ ക്രമീകരിച്ചിരിക്കുന്ന ഈ പരിശീലന പരിപാടികള്‍ മാറ്റി വയ്ക്കുവാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞായറാഴ്ച പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഐടി അറ്റ് സ്കൂളിലെ ചില ഉന്നതര്‍ പ്രത്യേക താല്പര്യം കാണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിന്‍റെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് സാലു പതാലില്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org