ഹയര്‍സെക്കണ്ടറി ഏകീകരണം; ഗുണനിലവാരം തകര്‍ക്കും: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരത്തെ തകര്‍ക്കുന്ന ഹയര്‍ സെക്കണ്ടറി ഏകീകരണ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാര്‍ട്ടയായ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം നടപ്പിലാക്കിയ 10+2+3 എന്ന ത്രിതല സംവിധാനം അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേക ബോര്‍ഡുകളോ, ഡയറക്ടറേറ്റുകളോ നിലവിലുള്ളപ്പോള്‍ കേരളത്തിലെ ഏകീകരണ നടപടികള്‍ തുഗ്ലക്ക് പരിഷ്കാരമായി മാത്രമേ വിശേഷിപ്പിക്കാനാവൂ. കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് ഗുണമേന്മ മെച്ചപ്പെടുത്താനുതകുക എന്ന തിരിച്ചറിവിന്‍റെ കാലഘട്ടത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ വ്യത്യസ്ത പ്രായപരിധിയില്‍ പെട്ടവരെ ഒരു യൂണിറ്റായി പരിഗണിക്കുന്നതിലെ ഔചിത്യം തിരിച്ചറിയാനാകുന്നില്ല. കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ഈ ഏകീകരണ നടപടി വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഡി.ആര്‍. ജോസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി, മറ്റു ഭാരവാഹികളായ സാലു പതാലില്‍, ഷാജി മാത്യു, എം. ആബേല്‍, ബിനു കുര്യാക്കോസ്, സജി മാത്യു, ബിസോയ് ജോര്‍ജ്, സി.റ്റി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മികവിനുള്ള വിദ്യാഭ്യാസത്തിനെന്ന പേരില്‍ ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കേവലം ഘടനാപരമായ മാറ്റത്തില്‍ മാത്രം ഊന്നല്‍ നല്‍കിയുള്ള ഹയര്‍ സെക്കണ്ടറി ഏകീകരണതീരുമാനം പുനഃപരിശോധിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അശാസ്ത്രീയവും വൈരുദ്ധ്യാത്മകവുമായ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ട് ഗുണമേന്മയേക്കാള്‍ ഇന്നു നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org