സര്‍ക്കാരിനോടും സഭയോടും ചേര്‍ന്ന് നവകേരളം സൃഷ്ടിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ്

സര്‍ക്കാരിനോടും സഭയോടും ചേര്‍ന്ന് നവകേരള സൃഷ്ടിയില്‍ പങ്കുചേരുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. പ്രളയ ദുരിതത്തില്‍ ബുദ്ധിമുട്ടിലായ കര്‍ഷകരുടെ പുനരുദ്ധാരണത്തിനു മുന്‍ഗണന നല്‍ കുന്നതിന്‍റെ ഭാഗമായി ദുരിത ബാധിത പ്രദേശങ്ങളിലെ ആയിരം കാര്‍ഷിക കുടുംബങ്ങളുടെ പുനരുദ്ധാരണം നടപ്പാക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. വീടു നഷ്ടപ്പെട്ട നൂറു കുടുംബങ്ങള്‍ക്കു വീടുവയ്ക്കാന്‍ സ്ഥലം ലഭ്യമാക്കും. ആയിരം വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും സംഘടന നേതൃത്വം നല്‍കും.

കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ സമഗ്ര കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ആയിരം കര്‍ഷക കുടുംബങ്ങളെ സ്വയം പര്യാപ്തതയിലെത്തിക്കും. ക്ഷീര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരം കര്‍ഷകര്‍ക്കു പശുക്കളെ നല്‍കും. സഭയുടെയും കത്തോലിക്കാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിക്ഷേപങ്ങളും തുടര്‍ന്നു കൊണ്ടുപോകാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പ്രളയത്തില്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായ തകര്‍ച്ചയില്‍ നിന്നു കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സമഗ്ര കാര്‍ഷിക പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്കും സഭാ സിനഡിനും സമര്‍പ്പിക്കും. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന യോഗം ബിഷപ് ഡെലഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബിജു പറയന്നിലം അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org