Latest News
|^| Home -> National -> കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി ആചരണത്തിന് തുടക്കം

കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി ആചരണത്തിന് തുടക്കം

Sathyadeepam

പൊതുസമൂഹത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറക്കുന്നിടത്ത് കത്തോലിക്കാ കോണ്‍ഗ്രസ് തിരുത്തല്‍ ശക്തിയാകണമെന്നും മാനവ സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ മുന്നേറ്റം വിലമതിക്കപ്പെടേണ്ടതാണെന്നും ഇന്ന് കേരളത്തിനകത്തും പുറത്തും സഭാംഗങ്ങളുള്ള ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളിലും ശക്തമായി സംഘടന വളര്‍ന്നുവരുന്നതില്‍ അഭിനന്ദനാര്‍ഹമാണെന്നും അവഗണനയ്ക്കും അവകാശലംഘനത്തിനുമെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കുകാരാകണമെന്നും കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ബോധിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്സിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്‍റെ ദേശീ യതല ഉദ്ഘാടനം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ (നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗര്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമി മാനവമൈത്രി സന്ദേശം നല്‍കി.

ശതാബ്ദി ആഘോഷത്തിനോടനുബന്ധിച്ച് നടപ്പാക്കുന്ന ശതാബ്ദി ഭൂദാനപദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും, ശതാബ്ദി കര്‍മ്മപദ്ധതിയുടെ പ്രകാശനം പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടും നിര്‍വ്വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖസന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ. ജിയോ കടവി, കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു തോമസ്, അഡ്വ. സ്റ്റീഫന്‍ ജോര്‍ജ്, സെലിന്‍ സിജോ, ജോസ്കുട്ടി മാടപ്പള്ളി, അഡ്വ. ടോണി ജോസഫ്, സാജു അലക്സ്, സൈബി അക്കര, ഡേവിസ് പുത്തൂര്‍, ബേബി പെരുമാലി, ഡേവിസ് തുളുവത്ത്, പ്രൊഫ. ജോസ്കുട്ടി ഒഴുകയില്‍, ജിജി ജേക്കബ്, അരുണ്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധരായ മാര്‍ തോമ്മാശ്ലീഹ, അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍, ദൈവദാസന്മാരായ മാര്‍ മാത്യു മാക്കില്‍, പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍, വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍ക്ക് സമ്മേളന നഗറിലേയ്ക്ക് കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും വരവേല്പ് നല്‍കി. ചങ്ങനാശേരി അ തിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ശതാബ്ദി പതാക ഉയര്‍ത്തി. സമഗ്രമായ നവീകരണത്തിന് മൂല്യങ്ങളിലും ധാര്‍മ്മികതയിലും പൊതുസമൂഹത്തിന് നേതൃത്വം നല്‍കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കൂട്ടായ്മയിലും സ്നേഹത്തിലും അല്മായ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കാരുവേലി, ഫാ. ജോസഫ് മണക്കളം, ടോമി ഇളംന്തോട്ടം, ജാന്‍സന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Comment

*
*